Sunday, October 21, 2007

ഓര്‍മകള്‍ ഉണരുന്ന വഴികള്‍

ഇളം കാറ്റിന്റെ കുളിരാണീ ദിവസങ്ങളില്‍ എന്നെ ഉണര്‍ത്താറുള്ളത്‌ , മൂന്ന്‌ മണി , അത്ഭുതം തോന്നുന്നു ഇതു നാലാം ദിവസമാണ്‌ ഈ നേരം ഉണരുന്നത്‌ . സേതു പരിഭവം പറയാറുണ്ട്‌ ജനാലകള്‍ രാത്രി തുറന്നിടുന്നതിന്‌ . രാത്രിയിലെപ്പോഴോ വന്നു ചേര്‍ന്നു കിടന്നുറങ്ങുന്ന കുളിരിനോടാണോ ഇപ്പോള്‍ പ്രണയമെന്നായിരുന്നു രാവിലെ ഒരു ചോദ്യം .

നേരം പുലരും മുന്‍പു തന്നെ ഉണരുമായിരുന്നു, പക്ഷെ ഈ നഗരമെന്റെ ദിനചര്യകളെ മുഴുവന്‍ മാറ്റിമറിച്ചിരിക്കുന്നു , പുലര്‍ച്ചെ ഉണര്‍ന്ന്‌ മുത്തശിയ്ക്കൊപ്പം ഹനുമാന്‍ കോവിലേയ്ക്കുള്ള യാത്ര , ചൂണ്ടുവിരല്‍ കൊണ്ട്‌ വെറ്റയില്‍ നിന്നും തുടച്ചെടുത്ത്‌ മുത്തശി വായില്‍ വച്ചു തരുമായിരുന്ന വെണ്ണ , തിരികെ യാത്രയില്‍ ശിവാനന്ദന്‍ ചാന്നാന്റെ പീടികയില്‍ നിന്നും ആവി പറക്കുന്ന ചായ. ഒന്നും മറക്കാനാവുന്നില്ല . ഉണ്ണിയേട്ടന്‍ കളിയാക്കുമായിരുന്നു ' അവന്‍ വെണ്ണയ്ക്കും ചായയ്ക്കും വേണ്ടിയല്ലെ രാവിലെ പോണത്‌ , ഹനുമാനെങ്ങനിരിക്കും എന്നവനോട്‌ ചോദിച്ചു നോക്കു അമ്മ , തുമ്പിക്കൈ നീട്ടി എലിയോടൊപ്പമെന്നവന്‍ പറയും, ' എന്നിട്ടൊരു ചിരിയാണ്‌ . എനിക്കും തോന്നിയിട്ടുണ്ട്‌ കോവിലില്‍ തൊഴുതു കൊണ്ടിരിക്കുമ്പോള്‍ ശിവാനന്ദന്‍ ചാന്നാന്റെ കണ്ണാടിപ്പെട്ടിയില്‍ ഇന്നലെയുണ്ടാക്കിയ പരിപ്പുവട ബാക്കിയുണ്ടാകുമോ എന്നു ഞാന്‍ ചിന്തിക്കുന്നതെന്താണെന്ന്‌ !

സേതു കൈ ഒന്നു കൂടി മുറുക്കിയില്ലെ എന്നൊരു തോന്നല്‍, ഈയാഴ്ച്ച മുഴുവന്‍ തിരക്കിലായിരുന്നു, രാവിലെ ഏഴു മണിക്കു ഇറങ്ങിയിട്ടും തിരിച്ചെത്താന്‍ പാതിരാവാകുന്നു . സേതുവിനെ സ്നേഹിക്കാന്‍ , അല്‍പ നേരം സംസാരിക്കാന്‍ പോലുമാവാത്ത എന്റെ ജോലിത്തിരക്ക്‌ . ടീമിലെ രണ്ടു പേരാണ്‌ ഒരുമിച്ച്‌ അവധിയിലായിരിക്കുന്നത്‌ . ഇങ്ങനെ തിരക്കിട്ട ഒരു കാലം ഉണ്ടായിട്ടില്ല .

പക്ഷെ രാത്രി വളരെ വൈകി ഉറങ്ങിയിട്ടും ആരോ വിളിച്ചൂണര്‍ത്തുന്നതു പോലെ വെളുപ്പിനെ തന്നെ ഉണരുന്നു . ജനാലകള്‍ കടന്നകത്തു വരുമ്പോള്‍ കാറ്റിനു കൈ വയ്ക്കുന്നതു പോലെ ,പിന്നെ ഓര്‍മകളിലേയ്ക്ക്‌ മനസ്‌ കുറെ ദൂരം പായുന്നു , ഉറങ്ങാനാവില്ല പിന്നെ . നേരം വെളുക്കും വരെ ഓരോ ചിന്തകള്‍ .

ഹാളിലെ ലൈറ്റ്‌ കെടുത്താതെയാണ്‌ ഇന്നലെ കിടന്നതെന്നു തോന്നുന്നു , വാതിലിനടിയിലൂടെ വെട്ടം കാണുന്നുണ്ട്‌ . അല്ല കിടക്കുമ്പോള്‍ കറണ്ട്‌ ഇല്ലായിരുന്നു , സ്വിച്ച്‌ ഓഫ്‌ ചെയ്യാന്‍ വിട്ടു പോയതാകും . ചുറ്റിയിരുന്ന കൈ സേതുവിനെ ഉണര്‍ത്താതെ വേര്‍പെടുത്തി , കതകു തുറക്കുമ്പോള്‍ കാണുന്ന കാഴ്ച രസകരമായിരുന്നു . ഫാന്‍ അതിന്റെ മാക്സിമം വേഗതയില്‍ കറങ്ങുന്നു , ഹാളിലാകെ പത്രത്താളുകള്‍ പറന്നു നടക്കുന്നു . മൂന്നു ദിവസമായി സേതു പത്രങ്ങള്‍ അടുക്കി വച്ചിട്ട്‌ , ഏകദേശം ഒരു വര്‍ഷത്തെ പത്രങ്ങള്‍ . അമീന്‍ പത്രം കൊണ്ടു വരാന്‍ പറഞ്ഞിട്ട്‌ ഒരാഴ്ചയായി . നൂറു മീറ്റര്‍ നടന്നാല്‍ മതി അമീന്റെ കടയിലേയ്ക്ക്‌ , പക്ഷെ ഈ നശിച്ച ജോലി തിരക്ക്‌ എല്ലാം തകര്‍ക്കുന്നു .

ഫാന്‍ ഓഫ്‌ ചെയ്ത്‌ ഓരോന്നായി പത്രങ്ങള്‍ അടുക്കി തുടങ്ങിയപ്പോഴാണ്‌ ഒരു ചിത്രം ശ്രദ്ധിച്ചത്‌ .

പി കരുണാകരന്‍ , നാല്‍പത്തിയൊന്നാം ചരമ ദിനം .

തീയതി നോക്കിയപ്പോള്‍ ഏഴു മാസം പഴക്കമായിരിക്കുന്നു വാര്‍ത്തയ്ക്ക്‌ .



' ദേവാ , നിന്നെ കരുണാകരന്‍ സാര്‍ വിളിക്കുന്നു '
'എന്താടാ '
'ചെല്ല്‌ , പുതിയ ചൂരല്‍ പഴുപ്പിച്ച്‌ വച്ചിട്ടുണ്ട്‌ '
അഞ്ചാം ക്ലാസ്സിലെ മോണിറ്റര്‍ എന്ന ബഹുമാനം കരുണാകരന്‍ സാര്‍ തനിക്കു തരുന്നില്ല എന്നു മനസിലായത്‌ മിനിങ്ങാന്നാണ്‌ . വൈകുന്നേരം സ്കൂള്‍ വിട്ടു കഴിയുമ്പോള്‍ ഓരോ പ്രദേശത്തേയ്ക്കുമുള്ള കുട്ടികളെ വരിവരിയായി വിടുന്ന സാറിന്റെ സ്വഭാവം അത്ര നല്ലതല്ലെന്ന്‌ ഒന്നാം ക്ലാസ്സിലേ തനിക്കഭിപ്രായമുള്ളതാണ്‌ . വരി നോക്കാനെന്ന പേരില്‍ മോണിട്ടര്‍മാര്‍ വരിയിലല്ലാതെ നടക്കുന്നതു കണ്ടപ്പൊഴേ തീര്‍ച്ചയാക്കിയതാണ്‌ ഒരു വട്ടം മോണിട്ടര്‍ ആകണം .

മോണിര്‍ പാതി വഴിയ്ക്ക്‌ സൈക്കിളില്‍ കയറി പോയി എന്ന്‌ സാറിനോടു പറഞ്ഞത്‌ ഷെരീഫാണ്‌ , അതു തീര്‍ച്ച . മൂന്ന്‌ അടി , നിക്കറിന്റെ തുമ്പില്‍ പിടിച്ച്‌ മേലേയ്ക്ക്‌ പൊക്കി
'ഹോ ,സര്‍വ ലോകവും കണ്ടു ' , ഒളിച്ചിരുന്ന്‌ കരുണാകരന്‍ സാറിന്റെ തലയെറിഞ്ഞു പൊട്ടിച്ചാലോ എന്നു ചിന്തിച്ചതാണ്‌ . പക്ഷെ പിന്നെയും അടി തനിക്കു തന്നെ കിട്ടും എന്നതു കൊണ്ടു മാത്രമാണതൊഴിവാക്കിയത്‌ .

' നീയാണോ 5 ബിയിലെ മോണിട്ടര്‍ '
' മ്‌ ഹും '
' വാ തുറന്നു പറയെടാ '
'ആണു സാറെ'
' കഴിഞ്ഞ പീരീഡ്‌ ആരായിരുന്നു ക്ലാസ്സില്‍ '
' മലയാളം സെക്കന്റ്‌ , മധു സാറിന്റെ '
' സാര്‍ ഇന്നു വന്നില്ലാന്നറിയാമോ '
' അറിയാം '
' നീ സംസാരിച്ചവരുടെ പേരെഴുതിയോ '
' മ്‌ ഹും '
' എന്താടാ, എഴുതിയോ , ഇല്ലേ '
'ആരും സംസാരിച്ചില്ല സാര്‍ '
' പിന്നെന്തായിരുന്നെടാ അവിടെ ഒരു ബഹളം ' , കരുണാകരന്‍ സാര്‍ എന്റെ നിക്കറില്‍ പിടിത്തമിട്ടു , ഇനി എന്താണു നടക്കാന്‍ പോകുന്നതെന്ന്‌ പുസ്തകത്തില്‍ അച്ചടിച്ചു വച്ചിട്ടുണ്ട്‌ . ചൂരല്‍ മേശപ്പുറത്താണ്‌ , അവിടം വരെയെന്നെ നിക്കറില്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി . മൂന്ന്‌ അടി വീണ്ടും . കരയാന്‍ പറ്റില്ല . ഓഫീസ്‌ മുറിയോടു ചേര്‍ന്ന്‌ 5 സി യുടെ ക്ലാസ്സാണ്‌ . 5 സി യിലെ അനുപമയ്ക്ക്‌ തന്നോടിഷ്ടമുണ്ട്‌ . മണിമേഘല ടീച്ചറിന്റെ ഹോം വര്‍ക്‌ കാണിച്ചു കൊടുത്തതിന്‌ രണ്ട്‌ ഉമ്മയാണ്‌ രാവിലെ തന്നത്‌ . ഒരുമ്മ ചക്കരയുമ്മയാണെന്നും പറഞ്ഞു .

'വെറുതെയാണ്‌ നിന്നെ അടിച്ചതെന്നുറപ്പാണോ '
' അതെ അച്ഛാ , സംസാരിച്ചവരുടെ പേരെഴുതിയില്ലാ പോലും '
' ഒരു കാര്യം ചെയ്യ്‌ , നീ രാജി വയ്ക്ക്‌ '
' ങേ രാജിയോ , അതെന്താ '

അങ്ങനെ അച്ഛന്‍ പറഞ്ഞു തന്ന്‌ ഞാന്‍ എഴുതി തയ്യാറാക്കിയ , ഒരു പക്ഷെ ലോക പ്രൈമറി സ്കൂള്‍ ചരിത്രത്തിലെ ആദത്തെ രാജിക്കത്ത്‌ കരുണാകരന്‍ സാറിന്റെ മേശമേല്‍ വിശ്രമിച്ചപ്പോള്‍ ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു .
' ശരി സമ്മതിച്ചിരിക്കുന്നു ' , ചിരിയോടെയാണോ സാര്‍ പറഞ്ഞതെന്നു സംശയം .

പിന്നെ എന്നെ കാണുമ്പോഴൊക്കെ കരുണാകരന്‍ സാര്‍ ചിരിക്കാന്‍ തുടങ്ങി , ഇടയ്ക്കൊരു ദിവസം സ്നേഹത്തോടെ അടുത്തു വിളിച്ച്‌ ' നീ കൊള്ളാം ' എന്നു വരെ പറഞ്ഞു കളഞ്ഞു .


മോണിട്ടര്‍ ആയിരുന്നപ്പോള്‍ ഒരു പാട്‌ ഗുണങ്ങള്‍ ഉണ്ടായിരുന്നു . സംസാരിക്കുന്നവരുടെ ലിസ്റ്റില്‍ പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി പലരില്‍ നിന്നും എത്രയേറെ തീപ്പെട്ടി ചിത്രങ്ങള്‍ ഞാന്‍ ഒപ്പിച്ചെടുത്തിരുന്നു.
തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടുള്ള കളിയിലാണിപ്പോള്‍ ആണ്‍ കുട്ടികള്‍ മുഴുവനും . കബഡിയും ഗോലി കളിയുമൊക്കെയുണ്ടെങ്കിലും കാഴ്ചക്കാര്‍ തീപ്പെട്ടി ചിത്രം കൊണ്ടുള്ള കളിയ്ക്കായിരുന്നു . തീപ്പെട്ടിയുടെ ചിത്രം മാത്രമുള്ള ഭാഗം മാത്രം കീറിയെടുത്താണ്‌ കളി നടക്കുന്നത്‌. വൃത്താകൃതിയില്‍ ഒരു കളം വരച്ച്‌ , തീപ്പെട്ടി ചിത്രങ്ങള്‍ അതിനുള്ളില്‍ വച്ച്‌ , പരന്നതോ മറ്റോ ആയ കല്ലു കൊണ്ടു തട്ടി തെറിപ്പിക്കുക . കളത്തിന്‌ വെളിയില്‍ പോകുന്ന ചിത്രങ്ങള്‍ തെറിപ്പിച്ചയാള്‍ക്കു സ്വന്തം . ഒരു മികച്ച കളിക്കാരനല്ലാഞ്ഞിട്ടു കൂടി കൂടുതല്‍ തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ച്‌ പോക്കറ്റില്‍ നിറച്ചു വച്ചു ഞാന്‍ ഗമയോടെ നടന്നു . ഒരു സമയത്ത്‌ തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടു നടക്കാന്‍ വരെ എനിക്കു ആളുണ്ടായിരുന്നു . പ്രധാന ചില ചിത്രങ്ങള്‍ മോഷ്ടിച്ച്‌ മറിച്ചു വിറ്റതോടെ അവനെ ഞാന്‍ പുറത്താക്കി . സംസാരിച്ചവരുടെ കൂട്ടത്തില്‍ പെടുത്തി അവന്‌ അടി വാങ്ങി കൊടുത്താണ്‌ ഞാന്‍ പ്രതികാരം തീര്‍ത്തത്‌ .

' ദേവാ കളിക്കുന്നോ നീ '
വിളി കേട്ടപ്പൊഴെ ഷെരീഫാണെന്നൂഹിച്ചു , അവന്റെ മിക്കി മൗസിന്റെ ചിത്രത്തില്‍ നോട്ടമിട്ടിട്ടു ദിവസം കുറെയായി , എന്റെ തീപ്പട്ടി ചിത്രങ്ങള്‍ കുറാഞ്ഞു വരുന്നതല്ലാതെ മിക്കി മൗസിനെ കണി കാണാന്‍ പോലും പറ്റിയിട്ടില്ല .അവസാന പീരീഡ്‌ ആണ്‌ , രാജീവ്‌ സാര്‍ ലീവ്‌ ആയതു കാരണം കളിക്കാന്‍ വിട്ടിരിക്കയാണ്‌ . മുഴുവന്‍ സ്വാതന്ത്രമാണ്‌ ഇങ്ങനെയുള്ള അവസരങ്ങളില്‍ .

വലിയ കല്ല്‌ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിട്ടുന്നു ഞാന്‍ . വീട്ടില്‍ നിന്നും വരുന്ന വഴി ഏലിയാമ്മ മെമ്പറുടെ വീടിനരികിലെ മുള്ളുവേലിയോടു ചേര്‍ന്ന്‌ കിടന്ന സിനിമാ നോട്ടീസ്‌ എടുക്കാന്‍ ചെന്നപ്പൊഴാണ്‌ ഈ കല്ലു കിട്ടിയത്‌ . അച്ഛന്റെ പഴയ തുണി സഞ്ചിയായതു ഭാഗ്യം , ആരും കാണുന്നില്ല എന്നുറപ്പാക്കിയ ശേഷം സഞ്ചിയുടെ ചെറിയ അറയില്‍ പെന്‍സിലിനോട്‌ ചേര്‍ന്ന്‌ ശ്രദ്ധയോടെ വച്ചു .

സ്കൂളിലെത്തി മൂത്രപ്പുരയോടു ചേര്‍ന്നുള്ള തേക്കു മരത്തിന്റെ ചുവട്ടില്‍ മണ്ണു മാന്തി കുഴിച്ചിടുമ്പോള്‍ ആരും കണ്ടിട്ടുണ്ടായിരുന്നില്ല . ഒരു വശം വല്ലാതെ മൂര്‍ച്ചയുള്ളതായി തോന്നി , തൊടുമ്പോള്‍ മുറിയുന്നതു പോലെ .

ഷെരീഫ്‌ കളം വരച്ച്‌ കാത്തിരിക്കുകയാണ്‌ , അവന്റെ കൈവശം മിക്കി മൗസ്‌ ഇല്ലായിരുന്നെങ്കില്‍ അവനോടു ഞാന്‍ മിണ്ടുക പോലുമില്ലായിരുന്നു .

പെന്നൊണ്‌ ബെല്ലടിച്ചത്‌ . ഇന്നെന്താ നേരത്തെ സ്കൂള്‍ വിടുന്നത്‌ , സ്കൂള്‍ മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളെല്ലാം വേഗത്തില്‍ സ്വന്തം ക്ലാസ്സുകളിലേയ്ക്കോടുന്നു . ബെല്ലടിച്ചാല്‍ ഉടന്‍ തന്നെ ദേശീയഗാനം പാടാന്‍ തുടങ്ങും . അതിനും മുന്‍പേ ക്ലാസിലെത്തണം .കല്ല്‌ ഒളിപ്പിച്ചു വയ്ക്കാന്‍ ഇനി സമയമില്ല . പോക്കറ്റില്‍ വയ്ക്കാവുന്നതിലും വലിയ കല്ലുമാണ്‌ .

കളയാന്‍ തോന്നാത്ത മനസുമായി ഓടി വരാന്തയില്‍ കയറി . ക്ലാസ്സ്‌ മുറിയ്ക്കു മുന്നിലേയ്ക്കോടിയെത്തിയപ്പോള്‍ അകത്ത്‌ കരുണാകരന്‍ സാര്‍ . ക്ലാസ്സുകളില്‍ ദേശീയഗാന സമയത്ത്‌ കുട്ടികള്‍ അച്ചടക്കത്തോടെ നില്‍ക്കുന്നോ എന്നറിയാന്‍ ഇടയ്ക്കൊക്കെ സാര്‍ വരാറുണ്ട്‌ . വെപ്രാളത്തോടെ ഞാന്‍ കയ്യിലിരുന്ന കല്ല്‌ പുറത്തേയ്ക്ക്‌ വലിച്ചെറിഞ്ഞു . കല്ല്‌ കൈ വിട്ടു പോയതിനു ശേഷമാണ്‌ ഞാന്‍ പുറത്തേയ്ക്കു നോക്കിയത്‌ . ഒരു പെണ്‍കുട്ടിയുടെ നെറ്റിയില്‍ , പുരികത്തിന്‌ തൊട്ടു മുകളിലായി വളരെ കൃത്യമായി കല്ല്‌ പതിക്കുന്നതു ഞാന്‍ പേടിയോടെ കണ്ടു . പിന്നെ ഒന്നും നോക്കിയില്ല , ചാടി ക്ലാസ്സിനകത്തേയ്ക്കു വീണു . ചിതറിയോടുന്ന കുട്ടികളുടെ ബഹളത്തിനിടയില്‍ മുങ്ങിപ്പോയെങ്കിലും ആ പെണ്‍കുട്ടിയുടേ ദയനീയമായ നിലവിളി എന്റെ കാതില്‍ മാത്രം മുഴങ്ങി കേട്ടു .

ഹൃദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി . എല്ലാവരും ദേശീയഗാനം പാടുന്നതും കാത്ത്‌ എഴുന്നേറ്റ്‌ നില്‍ക്കുകയാണ്‌ . സമയം കടന്നു പൊയ്ക്കൊണ്ടെ ഇരിക്കുന്നു . ഓരോരോ കാരണങ്ങള്‍ കണ്ടെത്തുന്നു എല്ലാവരും . ഈ സമയമത്രയും ആ പെണ്‍കുട്ടി മരിച്ചു പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു കൊണ്ടിരുന്നു . ഓടി രക്ഷപെട്ടാലോ എന്നു ഞാന്‍ ചിന്തിച്ചു . പെട്ടെന്ന്‌ എന്നെ ഭയപ്പെടുത്തിക്കൊണ്ട്‌ ഒരു വലിയ ചൂരല്‍ വടിയ്ക്കൊപ്പം കരുണാകരന്‍ സാര്‍ പ്രവേശിച്ചു . പിറകെ മറ്റൊരു പെണ്‍കുട്ടിയും .

' ഇവരില്‍ ആരെങ്കിലും ആണോന്നു നോക്ക്‌ , കണ്ടാലറിയമല്ലോ അല്ലേ നിനക്ക്‌ '
'അറിയാം ' , പെണ്‍ കുട്ടി മറുപടി പറഞ്ഞു .

ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി . എല്ലാവരും എന്നെ തന്നെ നോക്കുന്നതായെനിക്കു തോന്നി . കരഞ്ഞു പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു . ഒരോരുത്തരെയായി ആ പെണ്‍കുട്ടി നോക്കി വരികയാണ്‌ . ഏറ്റവും അവസാനമാണ്‌ ഞാന്‍ നില്‍ക്കുന്നത്‌ , കുട്ടി എന്റെ അടുത്തെത്താറായിരുന്നു . എന്റെ മുഖത്തു നോക്കി നോക്കി അല്‍പനേരം ആ കുട്ടി നിന്നു , ഞാനടിമുടി വിറച്ചു , എന്നെ ചൂണ്ടി കാട്ടി ആ കുട്ടി ഇപ്പോള്‍ പറയും , ' ഇയാളാണ്‌ സാര്‍ കല്ലെറിഞ്ഞത്‌ ' , കരുണാകരന്‍ സാറിന്റെ ചൂരല്‍ വടി ഒരു പാടു വട്ടം പൊങ്ങും , കുട്ടി മരിച്ചു പോയാല്‍ പോലീസ്‌ കൊണ്ടു പോകും , ഇതാ ഈ കുട്ടി എന്തോ പറയാന്‍ തുടങ്ങുന്നു , തീര്‍ന്നു എല്ലാം , ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യ.

' സാറെ ഞാനാണ്‌ ആ കല്ലെറിഞ്ഞത്‌ , അറിയാതെ പറ്റിയതാണ്‌ , ഒന്നും ചെയ്യല്ലെ സാറെ '
എന്റെ കരച്ചില്‍ ക്ലാസിലാകെ മുഴങ്ങി കേട്ടു .

പക്ഷെ , ഞാന്‍ പറയുന്നതിനൊപ്പം ആ കുട്ടിയും പറഞ്ഞു കഴിഞ്ഞിരുന്നു .
'ഈ ക്ലാസ്സിലെ ആരുമല്ല സാര്‍'

ഒന്നു ഞെട്ടി , പക്ഷെ ഞാന്‍ പറഞ്ഞതെല്ലാവരും കേട്ട്‌ കഴിഞ്ഞിരിക്കുന്നു , കരുണാകരന്‍ സാര്‍ നിക്കറില്‍ പിടിത്തമിട്ടു . ഇനിയെനിക്കൊന്നും മാറ്റി പറയാനും കഴിയില്ല .

എണ്ണാന്‍ തോന്നിയില്ല , കണ്ണടച്ചു . ജനഗണമന എന്ന തുടക്കം കേട്ടില്ലെങ്കിലും ജയഹേ , ജയഹേ കാതിലാകെ ഒരു മുഴക്കം സൃഷ്ടിച്ചു .




അടുത്ത രണ്ടു ദിവസങ്ങളിലും നെറ്റിയില്‍ കെട്ടുമായി ഏതെങ്കിലും പെണ്‍കുട്ടി എത്തിയിട്ടുണ്ടോ എന്നു ഞാന്‍ ശ്രദ്ധിച്ചു . 3 എ യിലെ സേതുലക്ഷ്മിയ്ക്കാണ്‌ ഏറു കൊണ്ടതെന്ന്‌ ബിജു പറഞ്ഞു . മൂന്നാം ദിവസം നെറ്റിയില്‍ മുഴുവനുമൊട്ടിച്ച പ്ലാസ്റ്ററില്‍ ഇടയ്ക്കിടയ്ക്കു തടവിക്കൊണ്ട്‌ ഒരു സുന്ദരി കുട്ടി സ്കൂളിലെത്തി . സങ്കടം തോന്നി , ഉണ്ട കണ്ണുള്ള , നീണ്ട മുഖമുള്ള ആ പാവത്തിന്റെ തല എറിഞ്ഞു തകര്‍ത്തതില്‍ . ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ നെറ്റിയില്‍ കുറച്ചു നീണ്ട ഒരു മുറിവേറ്റ പാടുമായി അവള്‍ എത്താന്‍ തുടങ്ങി .



കറണ്ടു വീണ്ടും പോയിരിക്കുന്നു , അതിനൊപ്പം മുഴങ്ങി കേട്ട വലിയ ശബ്ദം എന്റെ ഓര്‍മകളുടെ ഒഴുക്കിനെ കാരാമായി തടസ്സപ്പെടുത്തിയിരിക്കുന്നു .

ഓര്‍ക്കുന്നു , പിന്നെയും എത്രയോ വര്‍ഷങ്ങള്‍ , എവിടെ കണ്ടാലും അല്‍പനേരം നിന്ന്‌ വിശേഷങ്ങള്‍ തിരക്കാന്‍ കരുണാകരന്‍ സാര്‍ മടി കാട്ടിയിരുന്നില്ല . ഏറ്റവും അവസാനം കണ്ടത്‌ അഞ്ചോ ആറോ വര്‍ഷങ്ങള്‍ മുന്‍പായിരുന്നു , ഈ നഗരത്തിന്റെ തിരക്കിലേയ്ക്കു പറിച്ചു നടും മുന്‍പ്‌ . പഴയ രാജി കാര്യം പറഞ്ഞ്‌ ചെവിയില്‍ പിടിച്ചപ്പോള്‍ , കീശയിലിട്ടു നല്‍കിയ നൂറു രൂപാ നോട്ട്‌ കണ്ണുകളില്‍ ചേര്‍ത്തു വച്ച്‌ സ്വീകരിച്ചപ്പോള്‍ , വിട പറയാന്‍ നേരം ആ കണ്ണുകളില്‍ കണ്ട തുള്ളികളില്‍ , സ്നേഹത്തിന്റെ എല്ലാ അര്‍ത്ഥവും ഞാനറിഞ്ഞു .

ഇരുട്ടിലൂടെ നടന്നു ഞാന്‍ മുറിയ്ക്കുള്ളിലെത്തി , സേതു ഉണര്‍ന്നിട്ടില്ല , കിലില്‍ നിവര്‍ന്നു കിടന്നു .

ഈ മുറിയ്ക്കുള്ളില്‍ എനിക്കു കൂട്ടിരിക്കാറുള്ള കുളിര്‍ കാറ്റ്‌ എങ്ങോ മറഞ്ഞിരിക്കുന്നു . ഇളം തണുപ്പുമായി വന്ന്‌ ഈ ദിവസങ്ങളില്‍ കാറ്റെന്നെ ഉണര്‍ത്തിയതെന്തിനായിരുന്നു ? .

ഇതിനകം അമീന്റെ കടയിലെത്തിപ്പെടേണ്ടിയിരുന്ന പത്രകെട്ടുകളും ഇപ്പോഴെങ്ങോ പോയി മറഞ്ഞ ഇളം കാറ്റും അവതരിപ്പിച്ച വേഷങ്ങളെന്തൊക്കെയായിരുന്നു ?


സേതുവിന്റെ കൈകള്‍ വീണ്ടും എന്നെ ചുറ്റിയിരിക്കുന്നു . അവളുടെ നെറ്റിയിലെ നീളമുള്ള മുറിവിന്റെ പാടിനു മേല്‍ മെല്ലെ വിരലോടിക്കുമ്പോള്‍ കാറ്റിതു കണ്ടിരിക്കുമോ എന്നു ഞാന്‍ ചിന്തിച്ചു .

3 comments:

Sanvi is King said...

aa 100 rupa ozhivakkamayirunnu.. Nammude teachersil aarum oru old student inte kayyil ninnum 100 rupa vangum ennu enikku thonunnilla... Mashinte value il alpam idichal undakiya pole...

കാര്‍വര്‍ണം said...

“ചേര്‍ന്ന്‌ 5 സി യുടെ ക്ലാസ്സാണ്‌ . 5 സി യിലെ അനുപമയ്ക്ക്‌ തന്നോടിഷ്ടമുണ്ട്‌ . മണിമേഘല ടീച്ചറിന്റെ ഹോം വര്‍ക്‌ കാണിച്ചു കൊടുത്തതിന്‌ രണ്ട്‌ ഉമ്മയാണ്‌ രാവിലെ തന്നത്‌ . ഒരുമ്മ ചക്കരയുമ്മയാണെന്നും പറഞ്ഞു .“
നീ അളു കൊള്ളാമല്ലൊ.

“നീ ഇല്ലാത്ത ഒരു ജീവിതം അതൊര്‍ക്കാന്‍ പോലും ഞാന്‍ അശക്തനാണ്. എന്റെ ഹ്ര്ദയം മിടിക്കുന്നത് നിനക്കായി മാത്രമാണു”
“ദിന രാത്രങ്ങള്‍ മാറി മറിഞ്ഞാലും, ലോകം തന്നെ കീഴ്മെല്‍ മറിഞാലും ഞാന്‍ നിന്റെ കൂടെ ഉണ്ട്.
ലൊകാവസാനം വരെ നിന്റെ മാറില്‍ ചാരി ഇങ്ങനെ ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍”
പെട്ടന്നു ബെല്‍ അടിച്ചു. അവന്‍ 3 ബിയിലെയ്ക്കും അവള്‍ 2 സിയിലേയ്ക്കും ഓടി.

അപ്പൊ അതു നീ ആയിരുന്നല്ലെ?

ആരോമല്‍ said...

@sanvi
:)

@kaarvarnam
athenne...