Tuesday, August 31, 2010

വോഡഫോണ്‍ ബോറന്‍സ്റ്റാര്‍ സീസണ്‍ ബോര്‍

ഒരു മനുഷ്യന്‌ എത്രത്തോളം ബോറനാകാന്‍ പറ്റും....
അതിനൊരളവുകോലുണ്ടോ....
ഇല്ലെന്നാരുന്നു ചിന്തേങ്കില്‌ മാറ്റിയെഴുതേണ്ടി വരും...
പരമ ബോറന്‍, അറു ബോറന്‍, പൊട്ടന്‍, വൃത്തികെട്ടവന്‍, കൂതറ, മണുക്കൂസന്‍...സത്യത്തില്‍ അമ്മച്യാണേ വായില്‍ നല്ലതൊന്നും വരുന്നില്ല...

നടന്‍ ജഗദീഷിനേക്കാലും ബോറനായ ഒരാളെ ഈ ലോകത്ത് കാണാന്‍ കിട്ടുമെങ്കില്‍ ഒരെണ്ണത്തിനെ എനിക്ക് വേണം...വളര്‍ത്താനാ....

പണ്ടെപ്പൊഴോ സിദ്ധിക് ലാലിന്റെ തേങ്ങ വീണ് മുയലു ചത്തേന്റ ബലത്തില്‍ ഈ കോമാളി വര്‍ഷങ്ങള്‍ കുറെയായ് കാട്ടി കൂട്ടുന്ന ഐറ്റങ്ങള്‍ക്ക് ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കണം...

തൊണ്ട കീറി നിലവിളിച്ചാല്‍ , കിട്ടുന്നതെന്തും ഓവറാക്കിയാല്‍ തമാശയാവൂന്ന് ഈ പുല്ലാണ്ടിയ്ക്കാരാ പറഞ്ഞു കൊടുത്തേ...

കുറെ അണ്ണന്മാരെ പോക്കറ്റിലാക്കി വച്ചിട്ടുള്ളതു കൊണ്ട് മലയാളത്തിലിറങ്ങുന്ന ഒട്ടു മിക്ക ബോറന്‍ പടങ്ങളിലും തലകാണിച്ച് അറുബോറാക്കാന്‍ സാറെന്തായാലും നന്നായി ശ്രദ്ധിക്കുന്നുണ്ട്......

ഈ പന്നിയെ പേടിച്ച് ടിവി പോലും ഓണ്‍ ചെയ്യാന്‍ പറ്റില്ലാന്നായിരിക്കുന്നെന്നേ....മ..മാ.....അല്ലെല്‍ വേണ്ട അവന്റെ അമ്മായി അമ്മേടെ കോട്ടുമിട്ട് നിലവിളിച്ചൊണ്ടുള്ള അവന്റെ തമാശ സഹിക്കുന്നോര്‍ക്ക് സമാധാനത്തിന്റെ നോബല്‍ സമ്മാനം കൊടുക്കണം...

ഇതിനെയൊക്കെ വല്ല ടെററിസ്റ്റുകള്‍ടെയോ മാവോയിസ്റ്റ്കള്‍ടെയോ കൂടെ കൊണ്ടാക്കി കൊടുക്കണം...ലവന്മാരുടെ ആപ്പീസും പൂട്ടി താക്കോലും മേടിച്ചോണ്ട് വന്നോളും....


ഒളിച്ചു നടക്കുവാരുന്നു ഞാന്‍ കുറെ നാള്‍ ഈ ഐറ്റത്തിനെ...
പക്ഷേ കൊണ്ടേ പോകൂ എന്നു വച്ചാലെന്തോ ചെയ്യും...
ഈ ശനിയാഴ്ച ഒരു ഫ്രണ്ടിനെ കെട്ടിച്ചു വിട്ടിട്ട് കല്പറ്റയില്‍ നിന്ന് ഒരു പുലിക്കുട്ടി വണ്ടീല്‍ കേറി തുരുവന്തോരത്തിന്‌..ബസ്സില്‍ ദേ ഈ ഡാഷിന്റെ പടം...ടൈറ്റില്‍ കണ്ടപ്പൊഴെ ശ്വാസം പോയ്..."ഏപ്രില്‍ ഫൂള്‍"...ഡെങ്കി പനി പേടിച്ച് മെഡിക്കല്‍ കോളേജിന്റെ പരിസരത്തും ഈ സിനിമയെ പേടിച്ച് തമ്പാനൂരേയ്ക്കും ഒരു മാസം പോകാതിരുന്ന ഞാന്‍ അവസാനം പെട്ടു....ഒമ്പത് ഹെയര്‍ പിന്നും ഇറങ്ങുവാരുന്നോ ... കേറുവാരുന്നോ... എന്നൊന്നും ഓര്‍മ്മയില്ല...പടം തുടങ്ങി വന്നപൊഴെ നമ്മ്ടെ ബോധം പകുതി പോയി...കരയണോ...ചിരിക്കണോ...ഇറങ്ങി ഓടണോ...പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥേന്ന് പറഞ്ഞാല്‍ മതിയല്ലോ..അതിനെടേല്‍ മഠത്തില്‍ രഘു അണ്ണന്‍ ട്രാവല്‍സിലെ കിളിയണ്ണന്റെ വക ടിവിയുടെ ശബ്ദം കൂട്ടല്‍ "നിന്നെയൊക്കെ ഇപ്പ ശരിയാക്കി തരാഡാ..." എന്ന മട്ടില്‍..

സമ്മതിക്കണം എഴുതി അഭിനയിച്ച അറുബോറന്‍ ജഗദീഷിനേയും ... ആ പൊട്ടത്തരങ്ങളൊക്കെ വള്ളി പുള്ളി വിടാതെ ബോറത്തരം ചോരാതെ പകര്‍ത്തിയെടുത്ത വിജി തമ്പിയേയും നിര്‍മ്മിച്ച എട്ട് പടവും എട്ടു നിലേല്‍ തന്നെ പൊട്ടിക്കാന്‍ സാധിച്ച സന്തോഷ് ദാമോദരനേയും....ദാമോദരാ...മോനേ....മ്‌ഹും...

ഒന്നുകില്‍ സ്വന്തമായ് ഒരു ബോധം വേണം...അതില്ല...ചെയ്യുന്നതൊക്കെ കിണ്ണന്‍ ഐറ്റങ്ങളാണെന്നാണോ ഈ പിണ്ണാക്കന്‌ തോന്നുന്നേ..ഇങ്ങോരൊക്കെ പ്രഫസര്‍ ആരുന്നെന്നൊക്കെയാ പറയുന്നെ...പിള്ളെര്‍ടെ ഭാഗ്യം...ഇതു പോലെ മൂഡ സ്വര്‍ഗത്തിലെ താമസക്കാരാണ്‌ ശരിക്കും മലയാള സിനിമയുടെ ശാപം ...കാണിക്കുന്നതൊക്കെ അസഹനീയമാണെന്ന് ഈ ചോട്ടന്റെ വീട്ടുകാര്‍ക്കെങ്കിലുമൊന്നു പറഞ്ഞു കൊടുത്തൂടെ...ഒരപേക്ഷയാണ്‌...സഹകരിക്കൂ...പ്ലീസ്...

എന്റെ നല്ലൊരു രാത്രിയെ ബലാല്‍സംഗം ചെയ്ത കശ്മലന്മാര്‍ക്ക് മാപ്പില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബസുകളില്‍ മലയാള സിനിമയാല്‍ പീഡിപ്പിപ്പിക്കപ്പെടുന്ന സാധു മലയാളികള്‍ക്ക് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു....

Sunday, February 14, 2010

മാറിയ മാതൃഭൂമിയും മാറാതെ നമ്മളും

എം പി വീരേന്ദ്രകുമാറിന്റെയും ശ്രേയംസ്കുമാരന്റെയും പി വി ചന്ദ്രന്റെയും ഗംഗാധരന്റെയും വീട്ടു വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹം മൂത്തിരിക്കുന്ന ഒരു ജനതയാണ്‌ കേരളത്തിലുള്ളത് എന്നു തോന്നിപ്പിക്കുന്ന അതി ഗംഭീരമായ പത്രപ്രവര്‍ത്തനമാണ്‌ മാതൃഭൂമി കുറെ നാളുകളായി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. പാവം മലയാളി ആഹാരം കഴിച്ചില്ലെങ്കിലും, പത്രം വായിക്കാതെ ജീവിക്കാനാവാത്തതിനാലും മറ്റുള്ള ഓപ്ഷന്‍സ് അച്ചായന്റെ(അഡ്. കെ ജയശങ്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍) രഹസ്യമായ പാര്‍ട്ടി പത്രം മനോരമയും പരസ്യമായ പാര്‍ട്ടി പത്രം ദേശാഭിമാനിയും പീതവര്‍ണ കൗമുദിയുമൊക്കെ ആയതിനാലും അല്പം ഭേദം എന്ന നിലയില്‍ ഒരു മാതൃഭൂമി വാങ്ങി വായിക്കുക ഒരു ശീലമാക്കിയിരുന്നു. അതു മാത്രമല്ല മാതൃഭൂമി വിവരവും ദേശസ്നേഹവും നല്ല ഒരു രാഷ്ടീയബോധവും ഉള്ള കുറച്ചു വ്യക്തികളുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ അച്ഛനപ്പൂപ്പന്മാര്‍ തുടങ്ങി വച്ച ശീലമായിരുന്നു വീട്ടില്‍ ഒരു മാതൃഭൂമി പത്രം.

സംഗതി വലിയ പ്രശ്നമില്ലാതെ പോകുകകയായിരുന്നു.. ഇതുവരെ മേല്‍ പറഞ്ഞ മഹത് വ്യക്തികള്‍ ഏതെങ്കിലും ചടങ്ങില്‍ പങ്കെടുത്താലോ, ഉല്‍ഘാടനം നടത്തിയാലോ, പുതൂര്‍ ഉണ്ണികൃഷ്ണന്റെ അമ്മയുടെ പേരിലുള്ള അവാര്‍ഡ് വീരേന്ദ്ര കുമാറിനു കിട്ടിയാലോ, വീരേന്ദ്രകുമാറിന്റെ അച്ഛന്റെ പേരിലുള്ള അവാര്‍ഡ് പുതൂര്‍ ഉണ്ണികൃഷ്ണനു കിട്ടിയാലോ, ഗൃഹലക്ഷ്മി നിര്‍മ്മിച്ച സിനിമയ്ക്കു മാതൃഭൂമി അവാര്‍ഡ് കിട്ടിയാലോ, അല്ലെങ്കില്‍ എതേലും പാവപ്പെട്ട പ്രശസ്ഥനായ മലയാളി മരിക്കുമ്പോളുള്ള അനുശോചന കസര്‍ത്തിലോ, അതുമല്ലെങ്കില്‍ വീരേന്ദ്രകുമാര്‍ എന്ന അതി പ്രഗല്‍ഭനായ സാഹിത്യകാരന്റെ പുസ്തകത്തിന്റെ നൂറാം പതിപ്പിറക്കുമ്പൊഴോ ഒക്കെ സഹിച്ചാല്‍ മതിയായിരുന്നു...

ഇതിപ്പോള്‍ നമ്മള്‍ പെട്ടിരിക്കുന്നത് വല്ലാത്ത കെണിയിലാണ്‌..
കുറച്ചു നാള്‍ മുന്‍പ് വരെ രാഷ്ട്രീയ വാര്‍ത്തകളില്‍ ഒരു ബാലന്‍സ് ഉണ്ടായിരുന്നു മാതൃഭൂമിയില്‍..കേരളം അങ്ങോളമിങ്ങോളം പ്രവര്‍ത്തകരുടെ ബാഹുല്യം മൂലം ജില്ലാ സമ്മേളനം നടത്താന്‍ പോലും കഴിയാതെ കഴിയുകയായിരുന്ന വീരന്‍ സാറിന്റെ ജനതാദള്‍ എന്ന വമ്പന്‍ പാര്‍ട്ടി ഇടതുപക്ഷത്തായിരുന്നപ്പോള്‍ പി വി ഗംഗാധരന്‍ മാമന്‍ കെ പി സി സി മെമ്പര്‍ ആയിരുന്നു അന്ന്..ശരിക്കും ചെകുത്തന്റെയും കടലിന്റെയും നടുക്കായിരുന്നിട്ടും ജനങ്ങള്‍ രക്ഷപെട്ടു പോന്നിരുന്നു അക്കാലത്ത്..കാരണം രണ്ട് ചേട്ടന്മാരും രണ്ടിടത്തായിരുന്നെങ്കിലും, സ്വന്തം കാര്യം മെച്ചപ്പെടുത്താനുള്ള രാഷ്ട്ട്രീയക്കളി മാത്രമായിരുന്നതു കൊണ്ട് പരസ്പരം അങ്ങ് അറിഞ്ഞു സ്നേഹിച്ചിരുന്നു ഒരുപാട്..ജനങ്ങളെ സേവിക്കാനല്ല ഇവന്മാര്‍ ഇതിനൊക്കെ ഇറങ്ങുന്നതെന്ന് മനസിലാക്കാന്‍ നമുക്കാരും ഒന്നും പറഞ്ഞു തരേണ്ടകാര്യമില്ലല്ലൊ. പക്ഷേ പിണറായി സഖാവിന്റെ പാര്‍ട്ടി വീരേട്ടനുമായി സീറ്റ് പ്രശ്നത്തില്‍ ഉടക്കിയപ്പോള്‍ സത്യത്തില്‍ പെട്ടത് ജനമാണ്‌. മാതൃഭൂമി പത്രം ജീവിതത്തിന്റെ ഭാഗമായിപ്പോയ ഒരു ന്യൂനപക്ഷം.


വെറുപ്പ് മനസ്സില്‍ തുടങ്ങിയത് പെട്ടെന്നല്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമചന്ദ്രന്‍ മാസ്റ്റര്‍ എന്ന കോണ്‍ഗ്രസ്സ് മന്ത്രിയെ കുറിച്ച് ഒരു അഴിമതിക്കഥ പ്രസിദ്ധീകരിച്ചു മാതൃഭൂമി. മറ്റൊരു പത്രത്തിലുമുണ്ടായിരുന്നില്ല ആ വാര്‍ത്ത. ശരിക്കും സന്തോഷം തോന്നി ,, ജനങ്ങള്‍ക്ക് വേണ്ടി ഈ പത്രം ചെയ്യുന്നതോര്‍ത്ത്, മാതൃഭൂമി വായനക്കാരനായതില്‍ അഭിമാനം തോന്നി..പിന്നെ തുടര്‍ച്ചയായി ദിവസവും അതിനെ കുറിച്ചുള്ള വാര്‍ത്തകളും തീവ്രമായ ആരോപണങ്ങളും അവസാനം രാമചന്ദ്രന്‍ മാസ്റ്ററുടെ രാജിയും കണ്ടു ജനം. ആ വാര്‍ത്ത പതുക്കെ മറവിയിലായി. വളരെ കുറച്ചു നാളുകള്‍ക്ക് ശേഷം ഇലക്ഷന്‍ വന്നു , ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഒരല്പം സങ്കടവും തോന്നി പോയി. എത്ര പ്ലാന്‍ഡ് ആയുള്ള ഒരു കളിയായിരുന്നു മുന്‍പ് നടന്നെതെന്ന് ഞാനോര്‍ത്തു. കല്പറ്റയില്‍ രണ്ടായിരത്തോളം വോട്ടിനാണെന്നു തോന്നുന്നു എം വി ശ്രേയംസ്കുമാര്‍ രാമചന്ദ്രന്‍ മാസ്റ്ററെ തോല്പ്പിച്ചു.



ഇതു പോലെ എത്രയെത്ര ഉദാഹരണങ്ങള്‍..

അവസാനമിതാ.. വയനാട്ടിലെ ശ്രേയംസ് കുമാറിന്റെ ഭൂമി കയ്യേറിയതിന്‌ പൊതു ജനം കൊടുക്കേണ്ടി വരുന്ന വില ഒന്നാം പേജിലെ രണ്ടു കോളം വാര്‍ത്തയും രണ്ടു കോളം നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോയും ഏഴാം പേജ് മുഴുവനായും ഏകദേശം നാലു ദിവസത്തോളം. ഇന്നും തുടരുന്നു അതിന്റെ ബാക്കിയായി സി പി എം നേതാക്കന്മാര്‍ കയ്യേറിയ ഭൂമിയുടെ വാര്‍ത്തകള്‍. ആരോടാണിവര്‍ക്ക് അമര്‍ഷം ? ഇടതു പക്ഷ്ത്തോടോ അതോ പൊതു ജനം എന്ന കഴുതകളോടോ ?


മാതൃഭൂമി ദേശാഭിമാനിയെ പോലെ പാര്‍ട്ടി ഓഫീസിലും സര്‍ക്കാര്‍ ഓഫീസുകളിലും മാത്രമായി കാണപ്പെടുന്ന ഒരല്‍ഭുത വസ്തുവായി മാറിയേക്കും ഈ നില തുടര്‍ന്നാല്‍. സ്വന്തം കാശു കൊടുത്ത് കാല്‍ക്കാശിനു പൊതു ജനത്തിനു ഗുണമില്ലാത്ത സ്വയം പ്രഖ്യാപിത മഹാന്മാരുടെ വാര്‍ത്ത വായിക്കുന്നതെന്തിന്‌ എന്ന് ജനത്തിന്‌ തോന്നി തുടങ്ങാന്‍ അധികം കാലം വേണ്ടി വരില്ല എന്നുറപ്പാണ്‌..