Sunday, October 21, 2007

പറയാതെ പോകുന്ന കാര്യങ്ങള്‍

ദേഹമാകെ വേദനിക്കുന്നു. ഉറങ്ങുകയാണു ഞാന്‍, എങ്കിലുമെനിക്ക്‌ തോന്നുന്നു ദേഹമാകെ വേദനിക്കുന്നെന്ന്‌, കണ്ണുകള്‍ തുറക്കണമെന്നുണ്ട്‌, വേണ്ട, ചിലപ്പോള്‍ പിന്നെ ഉറങ്ങാന്‍ പറ്റിയെന്നു വരില്ല, ഒരു പക്ഷേ സ്വപ്‌ നത്തിലാണോ ഞാന്‍, അല്ല ശരിക്കും വേദനിക്കുന്നുണ്ടെന്നുറപ്പാണ്‌. പനി പിടിച്ച്‌ ദിവസങ്ങള്‍ കുറെയായെങ്കിലും ഡോക്ടറിനെ കണ്ടതും മരുന്നു വാങ്ങിയതും മിനിങ്ങാന്നാണ്‌. പനി വച്ചു കൊണ്ട്‌ വീട്‌ പണിക്ക്‌ നിന്നവര്‍ക്കൊപ്പം മഴ നനഞ്ഞ്‌ നടക്കുകയായിരുന്നെന്ന്‌ ഗൗരി ഡോക്ടറോട്‌ പറയുകയും ചെയ്തു. അവളങ്ങനെയാണ്‌ , ചെറിയ പരിചയമുള്ളവരോടും ധാരാളം വര്‍ത്തമാനം പറയും . ഈ മേടത്തില്‍ 19 വയസ്‌ തികഞ്ഞിരിക്കുന്നു, എല്ലാം ഓര്‍ത്തുകൊണ്ടു തന്നെയാണ്‌ ചോര്‍ന്നൊലിക്കുന്ന ഓലപ്പുര വൃത്തിയാക്കാനോരുങ്ങിയത്‌.

വേദന കഠിനമാകുകയാണ്‌, എന്തായാലും അല്‍പം വെള്ളം കുടിച്ചേ തീരൂ.

കണ്ണുകള്‍ തുറക്കാന്‍ വല്ലാത്ത പ്രയാസം, ശരീരത്തിന്റെ ഓരോ അണുവിലും വേദന പടര്‍ന്നു കയറുന്നു കൈകള്‍ ജനല്‍പ്പടിയില്‍ പിടിക്കാന്‍ ശ്രമിച്ചു . അറിയുന്നുണ്ട്‌ ഞാന്‍ , എന്റെ കൈകള്‍ ഉയര്‍ന്നില്ല! !, ശരീരത്തിലെങ്ങും എന്തോ ചീളുകള്‍ തുളച്ചൂ കയറുന്നതു പോലെ, കാലുകളും അനങ്ങാതെയായി എന്ന സത്യം ഉള്ളിലൊരു മിന്നല്‍ പോലെ വന്നലച്ചു.

നിലവിളിക്കട്ടെ ഞാന്‍, എല്ലാവരെയും ഉണര്‍ത്തി എന്റെ അടുത്തു കൊണ്ടിരുത്തുവാന്‍.

ഉച്ചത്തിലാകുമോ വിളി , ആകട്ടെ എല്ലാവരും ഉണരട്ടെ, സഹിക്കാനാകുന്നതിന്‌ അപ്പുറമായിരിക്കുന്നു വേദന.

എന്നെ വിട്ടു പുറത്തു പോകാതെ നിലവിളിയുടെ മാറ്റൊലികള്‍ മനസിലാകെ മുഴങ്ങിക്കേള്‍ക്കുന്നത്‌. നന്നായി അറിയുന്നു ഞാന്‍ , നാവ്‌ ഇടത്തേയ്ക്കു വീണിരിക്കുന്നു , ശരീരം എന്നില്‍ നിന്നു വേര്‍പെട്ടതു പോലെ . തലയനക്കാന്‍ പറ്റുന്നുണ്ട്‌, പക്ഷെ തലയ്ക്കുള്ളില്‍ ഒരഗ്നിപര്‍വതം ജ്വലിക്കുന്ന പോലെ, താങ്ങാനാവുന്നില്ല.

എന്റെ അവസാനമാണോ ഇത്‌ ? , കടമകള്‍ ഒരായിരം ബാക്കി നില്‍ക്കുന്നു. ഗൗരിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ! , സ്നേഹം കൊടുത്തു തീര്‍ക്കാനാതെ എന്റെ സുമിത്ര !

വയ്യ , എത്ര നേരമിങ്ങനെ

...............................................................................

കരയരുതെ , എങ്ങനെയാണ്‌ നിന്നെ ആശ്വസിപ്പിക്കേണ്ടത്‌ ? ,ഒരു പാടു കാര്യങ്ങള്‍ മനസ്സിലുണ്ടെങ്കിലും ഒന്നുമേ പറയാന്‍ അച്ഛനാകുന്നില്ല, നിനക്കായ്‌ ഒന്നും ചെയ്യാതെ ഈ അച്ഛന്‌ പോകേണ്ടി വരുമോ മോളെ, എനിക്കു കേള്‍ക്കാന്‍ കഴിയുന്നു ഈ മുറിക്കുള്ളിലെ സംഭാഷണങ്ങള്‍ ,' വണ്ടിക്കായി അശോകന്‍ ടൗണിലേയ്ക്ക്‌ പോയി ' , ബഷീറിന്റെ സ്വരം എനിക്ക്‌ തിരിച്ചറിയാനാകുന്നു. കരയാതെ എന്റെ തലയ്ക്കല്‍ ഒരാളിരിക്കുന്നത്‌ ഞാന്‍ കാണുന്നു. സുമിത്ര. എങ്ങനെ അവള്‍ കരയും?, അവളുടെ കണ്ണുനീര്‍ മുഴുവന്‍ എന്റെ കൂടെ ജീവിച്ച നാളുകള്‍ ചോര്‍ത്തിയെടുത്തില്ലേ , സ്നേഹിക്കാന്‍ മാത്രമറിയാവുന്ന പാവം, എന്റെ മുഖം ഇടയ്ക്കിടയ്ക്ക്‌ തുടയ്ക്കുന്നു അവള്‍, വായില്‍ നിന്നു പുറത്തു വരുന്ന കൊഴുത്ത ദ്രാവകം കൈ കൊണ്ടു തന്നെ ഒപ്പി മാറ്റുന്നു.

..........................................................................

വേദന ശരീരത്തോട്‌ ചേര്‍ന്നിരിക്കുന്നു, ഈ വേദനയില്ലാതെ എന്റെ ശരീരം ജീവിച്ചിരുന്നോ എന്നു സംശയം തോന്നത്തക്കവിധം.
' സഹോദരിമാര്‍ക്കായി എല്ലാം വീതിച്ചു കൊടുത്തു , ഇനിയൊന്നുമില്ല ആ പാവങ്ങള്‍ക്ക്‌ ' . അശോകന്‍ പുറത്തു നിന്നാരോടോ പറയുന്നു .
ശരിയാണ്‌ ഞാന്‍ സ്നേഹിച്ച സഹോദരിമാര്‍ എന്നെ സ്നേഹിക്കാതെ പോയി . ഗൗരിയുടെ വിവാഹത്തിനു തിരികെ തരാമെന്നേറ്റ്‌ ഈശ്വരിയേടത്തി വാങ്ങിയ മുപ്പതിനായിരം രൂപയുടെ കാര്യം മറ്റാരോടും പറഞ്ഞിി‍ല്ല. ഒരു പക്ഷെ ഞാന്‍ മരിച്ചു പോയാല്‍....................................................

ഇപ്പോള്‍ തോന്നുന്നു സുമിത്രയോടു ഒന്നും പറയാതെ പോയത്‌ തെറ്റായിപ്പോയിയെന്ന്‌ . നാട്ടിലെ സ്ഥലം വിറ്റപ്പോള്‍ കിട്ടിയ പണം ബന്ധുക്കളുടെയും നാട്ടുകാരുടെയും കയ്യിലാണ്‌ , ഒരു രേഖകളുമില്ലാതെ, എനിക്കു പറയാനാവുന്നില്ലല്ലോ , ഒന്നും ആരോടും...............................

.....................................................................

കൈകളും കാലുകളും തോര്‍ത്തു കൊണ്ട്‌ കൈ കെട്ടിയിരിക്കുന്നു,. അപസ്മാരബാധിതരെ പോലെ എന്റെ ശരീരം ഇടയ്ക്കിടയ്ക്ക്‌ കിടുങ്ങി വിറയ്ക്കുന്നു , തല പൊട്ടി തകരുന്നതായി തോന്നും ആ നേരം . സുമിത്ര അടുത്തു തന്നെ ഇരിപ്പുണ്ട്‌ , ഇത്തവണ അവളുടെ കണ്ണുകള്‍ ഈറനായിരിക്കുന്നു . എന്നെ നായീകരിക്കുവാനെങ്കിലും രണ്ടു വാക്കുകള്‍ പറയാന്‍ ഈശ്വരന്‍ അനുവദിക്കുന്നില്ലല്ലോ.

ഗൗരിയ്ക്ക്‌ ഉരുള ഉരുി‍ കൊടുക്കാന്‍ കഴിയാതെ പോയ നാലാമത്തെ ദിവസമാണിന്ന്‌. എല്ലാവരും കരയുന്നു , എന്റെ സുമിത്രയും ഗൗരിയുമടക്കം ! ,വേദന പെട്ടെന്ന്‌ എന്നെ വിട്ട്‌ പോയതു പോലെ , ചുറ്റും കിടക്കുന്ന രോഗികളോടൊപ്പമുള്ളവരെല്ലാവരും നിര്‍വികാരരായി നോക്കി നില്‍ക്കുന്നു. സുമിത്രയേയും ഗൗരിയേയും ആരൊക്കെയോ വന്ന്‌ പിടിച്ചു കൊണ്ടു പോകുന്നു. എങ്ങോയെട്ടെക്കാണ്‌ അവരെ കൊണ്ട്‌ പോകുന്നത്‌ എന്റെ അരികില്‍ നിന്നും.......

കൂടുതല്‍ പേര്‍ വന്ന്‌ വെള്ള പുതപ്പിച്ച്‌ എന്റെ ശരീരത്തെ അകലേയ്ക്കു കൊണ്ടു പോകുമ്പോള്‍ കൂടെ പോകാന്‍ കഴിയാത്തതെന്തേ എന്നു ഞാന്‍ ശങ്കിച്ചു.

2 comments:

mazha said...

ചില കഥകളെ നമ്മളറിയാതെ സ്നേഹിച്ചു പോകും അല്ലെ..ഒരിക്കലും പറയാതെ പോയ ഒരു കാര്യം പോലെ, അവ നമ്മുടെ ഉള്ളില്‍ അങ്ങനെ..നന്നായിട്ടുണ്ട് ..എന്റെ വാക്കുകള്‍ക്കു ഇത്രയെ പറയാന്‍ കഴിയൂ..മനസ്സ് അതിലേറെ പറഞ്ഞിരിക്കുന്നു

ആരോമല്‍ said...

:) നന്ദി..