Sunday, October 21, 2007

തിരിച്ചു വരവ്‌

തിരുവനന്തപുരം എന്റെ വായനയെ എത്രത്തോളം പിടി കൂടി എന്നതിനു ഉത്തരം കണ്ടെത്താന്‍ കൊല്ലം മുതല്‍ കൊച്ചി വരെയുള്ള ദൂരം അറിഞ്ഞാല്‍ മാത്രം മതിയായിരുന്നു........

ആഴ്ച തോറുമുള്ള കൊച്ചി - കൊല്ലം യാത്രകള്‍ തന്ന ഏറ്റവും വലിയ ഭാഗ്യം വായനയ്ക്കായുള്ള സമയവും എഴുതാനുള്ള അന്തരീക്ഷവുമായിരുന്നു. എഴുതുക എന്നത്‌ എന്റെ എഴുത്താണ്‌ , അതിന്റെ നിലവാരം അല്ല അതെനിക്കു തരുന്ന ആനന്ദമാണ്‌ എനിക്ക്‌ വലുതായി തോന്നിയിരുന്നത്‌. എഴുതിയിരുന്നതില്‍ കുറച്ചെങ്കിലും പുറം ലോകം കാണിച്ചിരുന്നത്‌ 'മലയാള വേദി' വഴിയായിരുന്നു.അഭിനന്ദനത്തേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ എന്റെനിലവാരം എനിക്കു മനസിലാക്കി തന്നു :) . കൃത്യം മൂന്നു വര്‍ഷം ആകുന്നു മലയാള വേദിയുമായും വായനകളുമായും ട്രെയിന്‍ യാത്രകളുമായുമുള്ള ബന്ധം മുറിഞ്ഞിട്ട്‌, അതെനിക്കുണ്ടാക്കിയ നഷ്ടം അളക്കാന്‍ കഴിയുന്നതല്ല,പക്ഷേ ഈ മൂന്നു വര്‍ഷങ്ങള്‍ എനിക്കു തന്ന സൗഭാഗ്യങ്ങളും മറക്കാനാവുന്നതല്ല.

മടിയും ഒരു കാരണമായിരുന്നു എന്നതാണ്‌ ഒരു സത്യം, എപ്പൊഴോ ഞാന്‍ നല്ലൊരു മടിയനായി മാറിക്കഴിഞ്ഞിരുന്നു, അതില്‍ നിന്നൊരു പുറത്തുവരവ്‌ പുസ്തകങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന സത്യം വീണ്ടും വായനയിലേയ്ക്ക്‌ മടങ്ങി പോകുവാന്‍ എന്നെ സഹായിച്ചു. വായന വീണ്ടും എന്തെങ്കിലും കുത്തിക്കുറിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ ബ്ലോഗ്ഗിംഗ്‌ തന്നെയാണ്‌. (നിങ്ങളുടെ ഭാഗ്യക്കേടിന്‌)


മലയാള വേദിയില്‍ നിന്ന്‌ കിട്ടിയ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ഉണ്ണിയായിരുന്നു. പെരിങ്ങോടന്‍ എന്ന പേരില്‍ അന്നു തന്നെ ഉണ്ണി ബ്ലോഗ്ഗെഴുതുന്നുണ്ടായിരുന്നു. പലവട്ടം ഉണ്ണി ബ്ലോഗെഴുത്തിലേയ്ക്ക്‌ വരാന്‍ പ്രേരിപ്പിച്ചപ്പോഴും പലപ്പോഴും അതില്‍ നിന്നെല്ലാം തിരക്കും അതിനൊപ്പം തന്നെ മടിയും എന്നെ പിന്തിരിപ്പിച്ചു.

മലയാള വേദിയില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന ചില കഥകളിലൂടെ[അങ്ങനെ വിളിക്കാമോ എന്ന്‌ എനിക്കറിയില്ല:)] തുടങ്ങാന്‍ ശ്രമിക്കുവാണ്‌. വായിക്കാന്‍ ശ്രമിക്കുക, സഹനീയമാണോ അസഹനീയമാണോ എന്നത്‌ നിങ്ങള്‍ തീരുമാനിക്കുക. :)

ഓര്‍മകള്‍ ഉണരുന്ന വഴികള്‍

ഇളം കാറ്റിന്റെ കുളിരാണീ ദിവസങ്ങളില്‍ എന്നെ ഉണര്‍ത്താറുള്ളത്‌ , മൂന്ന്‌ മണി , അത്ഭുതം തോന്നുന്നു ഇതു നാലാം ദിവസമാണ്‌ ഈ നേരം ഉണരുന്നത്‌ . സേതു പരിഭവം പറയാറുണ്ട്‌ ജനാലകള്‍ രാത്രി തുറന്നിടുന്നതിന്‌ . രാത്രിയിലെപ്പോഴോ വന്നു ചേര്‍ന്നു കിടന്നുറങ്ങുന്ന കുളിരിനോടാണോ ഇപ്പോള്‍ പ്രണയമെന്നായിരുന്നു രാവിലെ ഒരു ചോദ്യം .

നേരം പുലരും മുന്‍പു തന്നെ ഉണരുമായിരുന്നു, പക്ഷെ ഈ നഗരമെന്റെ ദിനചര്യകളെ മുഴുവന്‍ മാറ്റിമറിച്ചിരിക്കുന്നു , പുലര്‍ച്ചെ ഉണര്‍ന്ന്‌ മുത്തശിയ്ക്കൊപ്പം ഹനുമാന്‍ കോവിലേയ്ക്കുള്ള യാത്ര , ചൂണ്ടുവിരല്‍ കൊണ്ട്‌ വെറ്റയില്‍ നിന്നും തുടച്ചെടുത്ത്‌ മുത്തശി വായില്‍ വച്ചു തരുമായിരുന്ന വെണ്ണ , തിരികെ യാത്രയില്‍ ശിവാനന്ദന്‍ ചാന്നാന്റെ പീടികയില്‍ നിന്നും ആവി പറക്കുന്ന ചായ. ഒന്നും മറക്കാനാവുന്നില്ല . ഉണ്ണിയേട്ടന്‍ കളിയാക്കുമായിരുന്നു ' അവന്‍ വെണ്ണയ്ക്കും ചായയ്ക്കും വേണ്ടിയല്ലെ രാവിലെ പോണത്‌ , ഹനുമാനെങ്ങനിരിക്കും എന്നവനോട്‌ ചോദിച്ചു നോക്കു അമ്മ , തുമ്പിക്കൈ നീട്ടി എലിയോടൊപ്പമെന്നവന്‍ പറയും, ' എന്നിട്ടൊരു ചിരിയാണ്‌ . എനിക്കും തോന്നിയിട്ടുണ്ട്‌ കോവിലില്‍ തൊഴുതു കൊണ്ടിരിക്കുമ്പോള്‍ ശിവാനന്ദന്‍ ചാന്നാന്റെ കണ്ണാടിപ്പെട്ടിയില്‍ ഇന്നലെയുണ്ടാക്കിയ പരിപ്പുവട ബാക്കിയുണ്ടാകുമോ എന്നു ഞാന്‍ ചിന്തിക്കുന്നതെന്താണെന്ന്‌ !

സേതു കൈ ഒന്നു കൂടി മുറുക്കിയില്ലെ എന്നൊരു തോന്നല്‍, ഈയാഴ്ച്ച മുഴുവന്‍ തിരക്കിലായിരുന്നു, രാവിലെ ഏഴു മണിക്കു ഇറങ്ങിയിട്ടും തിരിച്ചെത്താന്‍ പാതിരാവാകുന്നു . സേതുവിനെ സ്നേഹിക്കാന്‍ , അല്‍പ നേരം സംസാരിക്കാന്‍ പോലുമാവാത്ത എന്റെ ജോലിത്തിരക്ക്‌ . ടീമിലെ രണ്ടു പേരാണ്‌ ഒരുമിച്ച്‌ അവധിയിലായിരിക്കുന്നത്‌ . ഇങ്ങനെ തിരക്കിട്ട ഒരു കാലം ഉണ്ടായിട്ടില്ല .

പക്ഷെ രാത്രി വളരെ വൈകി ഉറങ്ങിയിട്ടും ആരോ വിളിച്ചൂണര്‍ത്തുന്നതു പോലെ വെളുപ്പിനെ തന്നെ ഉണരുന്നു . ജനാലകള്‍ കടന്നകത്തു വരുമ്പോള്‍ കാറ്റിനു കൈ വയ്ക്കുന്നതു പോലെ ,പിന്നെ ഓര്‍മകളിലേയ്ക്ക്‌ മനസ്‌ കുറെ ദൂരം പായുന്നു , ഉറങ്ങാനാവില്ല പിന്നെ . നേരം വെളുക്കും വരെ ഓരോ ചിന്തകള്‍ .

ഹാളിലെ ലൈറ്റ്‌ കെടുത്താതെയാണ്‌ ഇന്നലെ കിടന്നതെന്നു തോന്നുന്നു , വാതിലിനടിയിലൂടെ വെട്ടം കാണുന്നുണ്ട്‌ . അല്ല കിടക്കുമ്പോള്‍ കറണ്ട്‌ ഇല്ലായിരുന്നു , സ്വിച്ച്‌ ഓഫ്‌ ചെയ്യാന്‍ വിട്ടു പോയതാകും . ചുറ്റിയിരുന്ന കൈ സേതുവിനെ ഉണര്‍ത്താതെ വേര്‍പെടുത്തി , കതകു തുറക്കുമ്പോള്‍ കാണുന്ന കാഴ്ച രസകരമായിരുന്നു . ഫാന്‍ അതിന്റെ മാക്സിമം വേഗതയില്‍ കറങ്ങുന്നു , ഹാളിലാകെ പത്രത്താളുകള്‍ പറന്നു നടക്കുന്നു . മൂന്നു ദിവസമായി സേതു പത്രങ്ങള്‍ അടുക്കി വച്ചിട്ട്‌ , ഏകദേശം ഒരു വര്‍ഷത്തെ പത്രങ്ങള്‍ . അമീന്‍ പത്രം കൊണ്ടു വരാന്‍ പറഞ്ഞിട്ട്‌ ഒരാഴ്ചയായി . നൂറു മീറ്റര്‍ നടന്നാല്‍ മതി അമീന്റെ കടയിലേയ്ക്ക്‌ , പക്ഷെ ഈ നശിച്ച ജോലി തിരക്ക്‌ എല്ലാം തകര്‍ക്കുന്നു .

ഫാന്‍ ഓഫ്‌ ചെയ്ത്‌ ഓരോന്നായി പത്രങ്ങള്‍ അടുക്കി തുടങ്ങിയപ്പോഴാണ്‌ ഒരു ചിത്രം ശ്രദ്ധിച്ചത്‌ .

പി കരുണാകരന്‍ , നാല്‍പത്തിയൊന്നാം ചരമ ദിനം .

തീയതി നോക്കിയപ്പോള്‍ ഏഴു മാസം പഴക്കമായിരിക്കുന്നു വാര്‍ത്തയ്ക്ക്‌ .' ദേവാ , നിന്നെ കരുണാകരന്‍ സാര്‍ വിളിക്കുന്നു '
'എന്താടാ '
'ചെല്ല്‌ , പുതിയ ചൂരല്‍ പഴുപ്പിച്ച്‌ വച്ചിട്ടുണ്ട്‌ '
അഞ്ചാം ക്ലാസ്സിലെ മോണിറ്റര്‍ എന്ന ബഹുമാനം കരുണാകരന്‍ സാര്‍ തനിക്കു തരുന്നില്ല എന്നു മനസിലായത്‌ മിനിങ്ങാന്നാണ്‌ . വൈകുന്നേരം സ്കൂള്‍ വിട്ടു കഴിയുമ്പോള്‍ ഓരോ പ്രദേശത്തേയ്ക്കുമുള്ള കുട്ടികളെ വരിവരിയായി വിടുന്ന സാറിന്റെ സ്വഭാവം അത്ര നല്ലതല്ലെന്ന്‌ ഒന്നാം ക്ലാസ്സിലേ തനിക്കഭിപ്രായമുള്ളതാണ്‌ . വരി നോക്കാനെന്ന പേരില്‍ മോണിട്ടര്‍മാര്‍ വരിയിലല്ലാതെ നടക്കുന്നതു കണ്ടപ്പൊഴേ തീര്‍ച്ചയാക്കിയതാണ്‌ ഒരു വട്ടം മോണിട്ടര്‍ ആകണം .

മോണിര്‍ പാതി വഴിയ്ക്ക്‌ സൈക്കിളില്‍ കയറി പോയി എന്ന്‌ സാറിനോടു പറഞ്ഞത്‌ ഷെരീഫാണ്‌ , അതു തീര്‍ച്ച . മൂന്ന്‌ അടി , നിക്കറിന്റെ തുമ്പില്‍ പിടിച്ച്‌ മേലേയ്ക്ക്‌ പൊക്കി
'ഹോ ,സര്‍വ ലോകവും കണ്ടു ' , ഒളിച്ചിരുന്ന്‌ കരുണാകരന്‍ സാറിന്റെ തലയെറിഞ്ഞു പൊട്ടിച്ചാലോ എന്നു ചിന്തിച്ചതാണ്‌ . പക്ഷെ പിന്നെയും അടി തനിക്കു തന്നെ കിട്ടും എന്നതു കൊണ്ടു മാത്രമാണതൊഴിവാക്കിയത്‌ .

' നീയാണോ 5 ബിയിലെ മോണിട്ടര്‍ '
' മ്‌ ഹും '
' വാ തുറന്നു പറയെടാ '
'ആണു സാറെ'
' കഴിഞ്ഞ പീരീഡ്‌ ആരായിരുന്നു ക്ലാസ്സില്‍ '
' മലയാളം സെക്കന്റ്‌ , മധു സാറിന്റെ '
' സാര്‍ ഇന്നു വന്നില്ലാന്നറിയാമോ '
' അറിയാം '
' നീ സംസാരിച്ചവരുടെ പേരെഴുതിയോ '
' മ്‌ ഹും '
' എന്താടാ, എഴുതിയോ , ഇല്ലേ '
'ആരും സംസാരിച്ചില്ല സാര്‍ '
' പിന്നെന്തായിരുന്നെടാ അവിടെ ഒരു ബഹളം ' , കരുണാകരന്‍ സാര്‍ എന്റെ നിക്കറില്‍ പിടിത്തമിട്ടു , ഇനി എന്താണു നടക്കാന്‍ പോകുന്നതെന്ന്‌ പുസ്തകത്തില്‍ അച്ചടിച്ചു വച്ചിട്ടുണ്ട്‌ . ചൂരല്‍ മേശപ്പുറത്താണ്‌ , അവിടം വരെയെന്നെ നിക്കറില്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി . മൂന്ന്‌ അടി വീണ്ടും . കരയാന്‍ പറ്റില്ല . ഓഫീസ്‌ മുറിയോടു ചേര്‍ന്ന്‌ 5 സി യുടെ ക്ലാസ്സാണ്‌ . 5 സി യിലെ അനുപമയ്ക്ക്‌ തന്നോടിഷ്ടമുണ്ട്‌ . മണിമേഘല ടീച്ചറിന്റെ ഹോം വര്‍ക്‌ കാണിച്ചു കൊടുത്തതിന്‌ രണ്ട്‌ ഉമ്മയാണ്‌ രാവിലെ തന്നത്‌ . ഒരുമ്മ ചക്കരയുമ്മയാണെന്നും പറഞ്ഞു .

'വെറുതെയാണ്‌ നിന്നെ അടിച്ചതെന്നുറപ്പാണോ '
' അതെ അച്ഛാ , സംസാരിച്ചവരുടെ പേരെഴുതിയില്ലാ പോലും '
' ഒരു കാര്യം ചെയ്യ്‌ , നീ രാജി വയ്ക്ക്‌ '
' ങേ രാജിയോ , അതെന്താ '

അങ്ങനെ അച്ഛന്‍ പറഞ്ഞു തന്ന്‌ ഞാന്‍ എഴുതി തയ്യാറാക്കിയ , ഒരു പക്ഷെ ലോക പ്രൈമറി സ്കൂള്‍ ചരിത്രത്തിലെ ആദത്തെ രാജിക്കത്ത്‌ കരുണാകരന്‍ സാറിന്റെ മേശമേല്‍ വിശ്രമിച്ചപ്പോള്‍ ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു .
' ശരി സമ്മതിച്ചിരിക്കുന്നു ' , ചിരിയോടെയാണോ സാര്‍ പറഞ്ഞതെന്നു സംശയം .

പിന്നെ എന്നെ കാണുമ്പോഴൊക്കെ കരുണാകരന്‍ സാര്‍ ചിരിക്കാന്‍ തുടങ്ങി , ഇടയ്ക്കൊരു ദിവസം സ്നേഹത്തോടെ അടുത്തു വിളിച്ച്‌ ' നീ കൊള്ളാം ' എന്നു വരെ പറഞ്ഞു കളഞ്ഞു .


മോണിട്ടര്‍ ആയിരുന്നപ്പോള്‍ ഒരു പാട്‌ ഗുണങ്ങള്‍ ഉണ്ടായിരുന്നു . സംസാരിക്കുന്നവരുടെ ലിസ്റ്റില്‍ പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി പലരില്‍ നിന്നും എത്രയേറെ തീപ്പെട്ടി ചിത്രങ്ങള്‍ ഞാന്‍ ഒപ്പിച്ചെടുത്തിരുന്നു.
തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടുള്ള കളിയിലാണിപ്പോള്‍ ആണ്‍ കുട്ടികള്‍ മുഴുവനും . കബഡിയും ഗോലി കളിയുമൊക്കെയുണ്ടെങ്കിലും കാഴ്ചക്കാര്‍ തീപ്പെട്ടി ചിത്രം കൊണ്ടുള്ള കളിയ്ക്കായിരുന്നു . തീപ്പെട്ടിയുടെ ചിത്രം മാത്രമുള്ള ഭാഗം മാത്രം കീറിയെടുത്താണ്‌ കളി നടക്കുന്നത്‌. വൃത്താകൃതിയില്‍ ഒരു കളം വരച്ച്‌ , തീപ്പെട്ടി ചിത്രങ്ങള്‍ അതിനുള്ളില്‍ വച്ച്‌ , പരന്നതോ മറ്റോ ആയ കല്ലു കൊണ്ടു തട്ടി തെറിപ്പിക്കുക . കളത്തിന്‌ വെളിയില്‍ പോകുന്ന ചിത്രങ്ങള്‍ തെറിപ്പിച്ചയാള്‍ക്കു സ്വന്തം . ഒരു മികച്ച കളിക്കാരനല്ലാഞ്ഞിട്ടു കൂടി കൂടുതല്‍ തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ച്‌ പോക്കറ്റില്‍ നിറച്ചു വച്ചു ഞാന്‍ ഗമയോടെ നടന്നു . ഒരു സമയത്ത്‌ തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടു നടക്കാന്‍ വരെ എനിക്കു ആളുണ്ടായിരുന്നു . പ്രധാന ചില ചിത്രങ്ങള്‍ മോഷ്ടിച്ച്‌ മറിച്ചു വിറ്റതോടെ അവനെ ഞാന്‍ പുറത്താക്കി . സംസാരിച്ചവരുടെ കൂട്ടത്തില്‍ പെടുത്തി അവന്‌ അടി വാങ്ങി കൊടുത്താണ്‌ ഞാന്‍ പ്രതികാരം തീര്‍ത്തത്‌ .

' ദേവാ കളിക്കുന്നോ നീ '
വിളി കേട്ടപ്പൊഴെ ഷെരീഫാണെന്നൂഹിച്ചു , അവന്റെ മിക്കി മൗസിന്റെ ചിത്രത്തില്‍ നോട്ടമിട്ടിട്ടു ദിവസം കുറെയായി , എന്റെ തീപ്പട്ടി ചിത്രങ്ങള്‍ കുറാഞ്ഞു വരുന്നതല്ലാതെ മിക്കി മൗസിനെ കണി കാണാന്‍ പോലും പറ്റിയിട്ടില്ല .അവസാന പീരീഡ്‌ ആണ്‌ , രാജീവ്‌ സാര്‍ ലീവ്‌ ആയതു കാരണം കളിക്കാന്‍ വിട്ടിരിക്കയാണ്‌ . മുഴുവന്‍ സ്വാതന്ത്രമാണ്‌ ഇങ്ങനെയുള്ള അവസരങ്ങളില്‍ .

വലിയ കല്ല്‌ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിട്ടുന്നു ഞാന്‍ . വീട്ടില്‍ നിന്നും വരുന്ന വഴി ഏലിയാമ്മ മെമ്പറുടെ വീടിനരികിലെ മുള്ളുവേലിയോടു ചേര്‍ന്ന്‌ കിടന്ന സിനിമാ നോട്ടീസ്‌ എടുക്കാന്‍ ചെന്നപ്പൊഴാണ്‌ ഈ കല്ലു കിട്ടിയത്‌ . അച്ഛന്റെ പഴയ തുണി സഞ്ചിയായതു ഭാഗ്യം , ആരും കാണുന്നില്ല എന്നുറപ്പാക്കിയ ശേഷം സഞ്ചിയുടെ ചെറിയ അറയില്‍ പെന്‍സിലിനോട്‌ ചേര്‍ന്ന്‌ ശ്രദ്ധയോടെ വച്ചു .

സ്കൂളിലെത്തി മൂത്രപ്പുരയോടു ചേര്‍ന്നുള്ള തേക്കു മരത്തിന്റെ ചുവട്ടില്‍ മണ്ണു മാന്തി കുഴിച്ചിടുമ്പോള്‍ ആരും കണ്ടിട്ടുണ്ടായിരുന്നില്ല . ഒരു വശം വല്ലാതെ മൂര്‍ച്ചയുള്ളതായി തോന്നി , തൊടുമ്പോള്‍ മുറിയുന്നതു പോലെ .

ഷെരീഫ്‌ കളം വരച്ച്‌ കാത്തിരിക്കുകയാണ്‌ , അവന്റെ കൈവശം മിക്കി മൗസ്‌ ഇല്ലായിരുന്നെങ്കില്‍ അവനോടു ഞാന്‍ മിണ്ടുക പോലുമില്ലായിരുന്നു .

പെന്നൊണ്‌ ബെല്ലടിച്ചത്‌ . ഇന്നെന്താ നേരത്തെ സ്കൂള്‍ വിടുന്നത്‌ , സ്കൂള്‍ മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളെല്ലാം വേഗത്തില്‍ സ്വന്തം ക്ലാസ്സുകളിലേയ്ക്കോടുന്നു . ബെല്ലടിച്ചാല്‍ ഉടന്‍ തന്നെ ദേശീയഗാനം പാടാന്‍ തുടങ്ങും . അതിനും മുന്‍പേ ക്ലാസിലെത്തണം .കല്ല്‌ ഒളിപ്പിച്ചു വയ്ക്കാന്‍ ഇനി സമയമില്ല . പോക്കറ്റില്‍ വയ്ക്കാവുന്നതിലും വലിയ കല്ലുമാണ്‌ .

കളയാന്‍ തോന്നാത്ത മനസുമായി ഓടി വരാന്തയില്‍ കയറി . ക്ലാസ്സ്‌ മുറിയ്ക്കു മുന്നിലേയ്ക്കോടിയെത്തിയപ്പോള്‍ അകത്ത്‌ കരുണാകരന്‍ സാര്‍ . ക്ലാസ്സുകളില്‍ ദേശീയഗാന സമയത്ത്‌ കുട്ടികള്‍ അച്ചടക്കത്തോടെ നില്‍ക്കുന്നോ എന്നറിയാന്‍ ഇടയ്ക്കൊക്കെ സാര്‍ വരാറുണ്ട്‌ . വെപ്രാളത്തോടെ ഞാന്‍ കയ്യിലിരുന്ന കല്ല്‌ പുറത്തേയ്ക്ക്‌ വലിച്ചെറിഞ്ഞു . കല്ല്‌ കൈ വിട്ടു പോയതിനു ശേഷമാണ്‌ ഞാന്‍ പുറത്തേയ്ക്കു നോക്കിയത്‌ . ഒരു പെണ്‍കുട്ടിയുടെ നെറ്റിയില്‍ , പുരികത്തിന്‌ തൊട്ടു മുകളിലായി വളരെ കൃത്യമായി കല്ല്‌ പതിക്കുന്നതു ഞാന്‍ പേടിയോടെ കണ്ടു . പിന്നെ ഒന്നും നോക്കിയില്ല , ചാടി ക്ലാസ്സിനകത്തേയ്ക്കു വീണു . ചിതറിയോടുന്ന കുട്ടികളുടെ ബഹളത്തിനിടയില്‍ മുങ്ങിപ്പോയെങ്കിലും ആ പെണ്‍കുട്ടിയുടേ ദയനീയമായ നിലവിളി എന്റെ കാതില്‍ മാത്രം മുഴങ്ങി കേട്ടു .

ഹൃദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി . എല്ലാവരും ദേശീയഗാനം പാടുന്നതും കാത്ത്‌ എഴുന്നേറ്റ്‌ നില്‍ക്കുകയാണ്‌ . സമയം കടന്നു പൊയ്ക്കൊണ്ടെ ഇരിക്കുന്നു . ഓരോരോ കാരണങ്ങള്‍ കണ്ടെത്തുന്നു എല്ലാവരും . ഈ സമയമത്രയും ആ പെണ്‍കുട്ടി മരിച്ചു പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു കൊണ്ടിരുന്നു . ഓടി രക്ഷപെട്ടാലോ എന്നു ഞാന്‍ ചിന്തിച്ചു . പെട്ടെന്ന്‌ എന്നെ ഭയപ്പെടുത്തിക്കൊണ്ട്‌ ഒരു വലിയ ചൂരല്‍ വടിയ്ക്കൊപ്പം കരുണാകരന്‍ സാര്‍ പ്രവേശിച്ചു . പിറകെ മറ്റൊരു പെണ്‍കുട്ടിയും .

' ഇവരില്‍ ആരെങ്കിലും ആണോന്നു നോക്ക്‌ , കണ്ടാലറിയമല്ലോ അല്ലേ നിനക്ക്‌ '
'അറിയാം ' , പെണ്‍ കുട്ടി മറുപടി പറഞ്ഞു .

ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി . എല്ലാവരും എന്നെ തന്നെ നോക്കുന്നതായെനിക്കു തോന്നി . കരഞ്ഞു പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു . ഒരോരുത്തരെയായി ആ പെണ്‍കുട്ടി നോക്കി വരികയാണ്‌ . ഏറ്റവും അവസാനമാണ്‌ ഞാന്‍ നില്‍ക്കുന്നത്‌ , കുട്ടി എന്റെ അടുത്തെത്താറായിരുന്നു . എന്റെ മുഖത്തു നോക്കി നോക്കി അല്‍പനേരം ആ കുട്ടി നിന്നു , ഞാനടിമുടി വിറച്ചു , എന്നെ ചൂണ്ടി കാട്ടി ആ കുട്ടി ഇപ്പോള്‍ പറയും , ' ഇയാളാണ്‌ സാര്‍ കല്ലെറിഞ്ഞത്‌ ' , കരുണാകരന്‍ സാറിന്റെ ചൂരല്‍ വടി ഒരു പാടു വട്ടം പൊങ്ങും , കുട്ടി മരിച്ചു പോയാല്‍ പോലീസ്‌ കൊണ്ടു പോകും , ഇതാ ഈ കുട്ടി എന്തോ പറയാന്‍ തുടങ്ങുന്നു , തീര്‍ന്നു എല്ലാം , ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യ.

' സാറെ ഞാനാണ്‌ ആ കല്ലെറിഞ്ഞത്‌ , അറിയാതെ പറ്റിയതാണ്‌ , ഒന്നും ചെയ്യല്ലെ സാറെ '
എന്റെ കരച്ചില്‍ ക്ലാസിലാകെ മുഴങ്ങി കേട്ടു .

പക്ഷെ , ഞാന്‍ പറയുന്നതിനൊപ്പം ആ കുട്ടിയും പറഞ്ഞു കഴിഞ്ഞിരുന്നു .
'ഈ ക്ലാസ്സിലെ ആരുമല്ല സാര്‍'

ഒന്നു ഞെട്ടി , പക്ഷെ ഞാന്‍ പറഞ്ഞതെല്ലാവരും കേട്ട്‌ കഴിഞ്ഞിരിക്കുന്നു , കരുണാകരന്‍ സാര്‍ നിക്കറില്‍ പിടിത്തമിട്ടു . ഇനിയെനിക്കൊന്നും മാറ്റി പറയാനും കഴിയില്ല .

എണ്ണാന്‍ തോന്നിയില്ല , കണ്ണടച്ചു . ജനഗണമന എന്ന തുടക്കം കേട്ടില്ലെങ്കിലും ജയഹേ , ജയഹേ കാതിലാകെ ഒരു മുഴക്കം സൃഷ്ടിച്ചു .
അടുത്ത രണ്ടു ദിവസങ്ങളിലും നെറ്റിയില്‍ കെട്ടുമായി ഏതെങ്കിലും പെണ്‍കുട്ടി എത്തിയിട്ടുണ്ടോ എന്നു ഞാന്‍ ശ്രദ്ധിച്ചു . 3 എ യിലെ സേതുലക്ഷ്മിയ്ക്കാണ്‌ ഏറു കൊണ്ടതെന്ന്‌ ബിജു പറഞ്ഞു . മൂന്നാം ദിവസം നെറ്റിയില്‍ മുഴുവനുമൊട്ടിച്ച പ്ലാസ്റ്ററില്‍ ഇടയ്ക്കിടയ്ക്കു തടവിക്കൊണ്ട്‌ ഒരു സുന്ദരി കുട്ടി സ്കൂളിലെത്തി . സങ്കടം തോന്നി , ഉണ്ട കണ്ണുള്ള , നീണ്ട മുഖമുള്ള ആ പാവത്തിന്റെ തല എറിഞ്ഞു തകര്‍ത്തതില്‍ . ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ നെറ്റിയില്‍ കുറച്ചു നീണ്ട ഒരു മുറിവേറ്റ പാടുമായി അവള്‍ എത്താന്‍ തുടങ്ങി .കറണ്ടു വീണ്ടും പോയിരിക്കുന്നു , അതിനൊപ്പം മുഴങ്ങി കേട്ട വലിയ ശബ്ദം എന്റെ ഓര്‍മകളുടെ ഒഴുക്കിനെ കാരാമായി തടസ്സപ്പെടുത്തിയിരിക്കുന്നു .

ഓര്‍ക്കുന്നു , പിന്നെയും എത്രയോ വര്‍ഷങ്ങള്‍ , എവിടെ കണ്ടാലും അല്‍പനേരം നിന്ന്‌ വിശേഷങ്ങള്‍ തിരക്കാന്‍ കരുണാകരന്‍ സാര്‍ മടി കാട്ടിയിരുന്നില്ല . ഏറ്റവും അവസാനം കണ്ടത്‌ അഞ്ചോ ആറോ വര്‍ഷങ്ങള്‍ മുന്‍പായിരുന്നു , ഈ നഗരത്തിന്റെ തിരക്കിലേയ്ക്കു പറിച്ചു നടും മുന്‍പ്‌ . പഴയ രാജി കാര്യം പറഞ്ഞ്‌ ചെവിയില്‍ പിടിച്ചപ്പോള്‍ , കീശയിലിട്ടു നല്‍കിയ നൂറു രൂപാ നോട്ട്‌ കണ്ണുകളില്‍ ചേര്‍ത്തു വച്ച്‌ സ്വീകരിച്ചപ്പോള്‍ , വിട പറയാന്‍ നേരം ആ കണ്ണുകളില്‍ കണ്ട തുള്ളികളില്‍ , സ്നേഹത്തിന്റെ എല്ലാ അര്‍ത്ഥവും ഞാനറിഞ്ഞു .

ഇരുട്ടിലൂടെ നടന്നു ഞാന്‍ മുറിയ്ക്കുള്ളിലെത്തി , സേതു ഉണര്‍ന്നിട്ടില്ല , കിലില്‍ നിവര്‍ന്നു കിടന്നു .

ഈ മുറിയ്ക്കുള്ളില്‍ എനിക്കു കൂട്ടിരിക്കാറുള്ള കുളിര്‍ കാറ്റ്‌ എങ്ങോ മറഞ്ഞിരിക്കുന്നു . ഇളം തണുപ്പുമായി വന്ന്‌ ഈ ദിവസങ്ങളില്‍ കാറ്റെന്നെ ഉണര്‍ത്തിയതെന്തിനായിരുന്നു ? .

ഇതിനകം അമീന്റെ കടയിലെത്തിപ്പെടേണ്ടിയിരുന്ന പത്രകെട്ടുകളും ഇപ്പോഴെങ്ങോ പോയി മറഞ്ഞ ഇളം കാറ്റും അവതരിപ്പിച്ച വേഷങ്ങളെന്തൊക്കെയായിരുന്നു ?


സേതുവിന്റെ കൈകള്‍ വീണ്ടും എന്നെ ചുറ്റിയിരിക്കുന്നു . അവളുടെ നെറ്റിയിലെ നീളമുള്ള മുറിവിന്റെ പാടിനു മേല്‍ മെല്ലെ വിരലോടിക്കുമ്പോള്‍ കാറ്റിതു കണ്ടിരിക്കുമോ എന്നു ഞാന്‍ ചിന്തിച്ചു .

പറയാതെ പോകുന്ന കാര്യങ്ങള്‍

ദേഹമാകെ വേദനിക്കുന്നു. ഉറങ്ങുകയാണു ഞാന്‍, എങ്കിലുമെനിക്ക്‌ തോന്നുന്നു ദേഹമാകെ വേദനിക്കുന്നെന്ന്‌, കണ്ണുകള്‍ തുറക്കണമെന്നുണ്ട്‌, വേണ്ട, ചിലപ്പോള്‍ പിന്നെ ഉറങ്ങാന്‍ പറ്റിയെന്നു വരില്ല, ഒരു പക്ഷേ സ്വപ്‌ നത്തിലാണോ ഞാന്‍, അല്ല ശരിക്കും വേദനിക്കുന്നുണ്ടെന്നുറപ്പാണ്‌. പനി പിടിച്ച്‌ ദിവസങ്ങള്‍ കുറെയായെങ്കിലും ഡോക്ടറിനെ കണ്ടതും മരുന്നു വാങ്ങിയതും മിനിങ്ങാന്നാണ്‌. പനി വച്ചു കൊണ്ട്‌ വീട്‌ പണിക്ക്‌ നിന്നവര്‍ക്കൊപ്പം മഴ നനഞ്ഞ്‌ നടക്കുകയായിരുന്നെന്ന്‌ ഗൗരി ഡോക്ടറോട്‌ പറയുകയും ചെയ്തു. അവളങ്ങനെയാണ്‌ , ചെറിയ പരിചയമുള്ളവരോടും ധാരാളം വര്‍ത്തമാനം പറയും . ഈ മേടത്തില്‍ 19 വയസ്‌ തികഞ്ഞിരിക്കുന്നു, എല്ലാം ഓര്‍ത്തുകൊണ്ടു തന്നെയാണ്‌ ചോര്‍ന്നൊലിക്കുന്ന ഓലപ്പുര വൃത്തിയാക്കാനോരുങ്ങിയത്‌.

വേദന കഠിനമാകുകയാണ്‌, എന്തായാലും അല്‍പം വെള്ളം കുടിച്ചേ തീരൂ.

കണ്ണുകള്‍ തുറക്കാന്‍ വല്ലാത്ത പ്രയാസം, ശരീരത്തിന്റെ ഓരോ അണുവിലും വേദന പടര്‍ന്നു കയറുന്നു കൈകള്‍ ജനല്‍പ്പടിയില്‍ പിടിക്കാന്‍ ശ്രമിച്ചു . അറിയുന്നുണ്ട്‌ ഞാന്‍ , എന്റെ കൈകള്‍ ഉയര്‍ന്നില്ല! !, ശരീരത്തിലെങ്ങും എന്തോ ചീളുകള്‍ തുളച്ചൂ കയറുന്നതു പോലെ, കാലുകളും അനങ്ങാതെയായി എന്ന സത്യം ഉള്ളിലൊരു മിന്നല്‍ പോലെ വന്നലച്ചു.

നിലവിളിക്കട്ടെ ഞാന്‍, എല്ലാവരെയും ഉണര്‍ത്തി എന്റെ അടുത്തു കൊണ്ടിരുത്തുവാന്‍.

ഉച്ചത്തിലാകുമോ വിളി , ആകട്ടെ എല്ലാവരും ഉണരട്ടെ, സഹിക്കാനാകുന്നതിന്‌ അപ്പുറമായിരിക്കുന്നു വേദന.

എന്നെ വിട്ടു പുറത്തു പോകാതെ നിലവിളിയുടെ മാറ്റൊലികള്‍ മനസിലാകെ മുഴങ്ങിക്കേള്‍ക്കുന്നത്‌. നന്നായി അറിയുന്നു ഞാന്‍ , നാവ്‌ ഇടത്തേയ്ക്കു വീണിരിക്കുന്നു , ശരീരം എന്നില്‍ നിന്നു വേര്‍പെട്ടതു പോലെ . തലയനക്കാന്‍ പറ്റുന്നുണ്ട്‌, പക്ഷെ തലയ്ക്കുള്ളില്‍ ഒരഗ്നിപര്‍വതം ജ്വലിക്കുന്ന പോലെ, താങ്ങാനാവുന്നില്ല.

എന്റെ അവസാനമാണോ ഇത്‌ ? , കടമകള്‍ ഒരായിരം ബാക്കി നില്‍ക്കുന്നു. ഗൗരിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ! , സ്നേഹം കൊടുത്തു തീര്‍ക്കാനാതെ എന്റെ സുമിത്ര !

വയ്യ , എത്ര നേരമിങ്ങനെ

...............................................................................

കരയരുതെ , എങ്ങനെയാണ്‌ നിന്നെ ആശ്വസിപ്പിക്കേണ്ടത്‌ ? ,ഒരു പാടു കാര്യങ്ങള്‍ മനസ്സിലുണ്ടെങ്കിലും ഒന്നുമേ പറയാന്‍ അച്ഛനാകുന്നില്ല, നിനക്കായ്‌ ഒന്നും ചെയ്യാതെ ഈ അച്ഛന്‌ പോകേണ്ടി വരുമോ മോളെ, എനിക്കു കേള്‍ക്കാന്‍ കഴിയുന്നു ഈ മുറിക്കുള്ളിലെ സംഭാഷണങ്ങള്‍ ,' വണ്ടിക്കായി അശോകന്‍ ടൗണിലേയ്ക്ക്‌ പോയി ' , ബഷീറിന്റെ സ്വരം എനിക്ക്‌ തിരിച്ചറിയാനാകുന്നു. കരയാതെ എന്റെ തലയ്ക്കല്‍ ഒരാളിരിക്കുന്നത്‌ ഞാന്‍ കാണുന്നു. സുമിത്ര. എങ്ങനെ അവള്‍ കരയും?, അവളുടെ കണ്ണുനീര്‍ മുഴുവന്‍ എന്റെ കൂടെ ജീവിച്ച നാളുകള്‍ ചോര്‍ത്തിയെടുത്തില്ലേ , സ്നേഹിക്കാന്‍ മാത്രമറിയാവുന്ന പാവം, എന്റെ മുഖം ഇടയ്ക്കിടയ്ക്ക്‌ തുടയ്ക്കുന്നു അവള്‍, വായില്‍ നിന്നു പുറത്തു വരുന്ന കൊഴുത്ത ദ്രാവകം കൈ കൊണ്ടു തന്നെ ഒപ്പി മാറ്റുന്നു.

..........................................................................

വേദന ശരീരത്തോട്‌ ചേര്‍ന്നിരിക്കുന്നു, ഈ വേദനയില്ലാതെ എന്റെ ശരീരം ജീവിച്ചിരുന്നോ എന്നു സംശയം തോന്നത്തക്കവിധം.
' സഹോദരിമാര്‍ക്കായി എല്ലാം വീതിച്ചു കൊടുത്തു , ഇനിയൊന്നുമില്ല ആ പാവങ്ങള്‍ക്ക്‌ ' . അശോകന്‍ പുറത്തു നിന്നാരോടോ പറയുന്നു .
ശരിയാണ്‌ ഞാന്‍ സ്നേഹിച്ച സഹോദരിമാര്‍ എന്നെ സ്നേഹിക്കാതെ പോയി . ഗൗരിയുടെ വിവാഹത്തിനു തിരികെ തരാമെന്നേറ്റ്‌ ഈശ്വരിയേടത്തി വാങ്ങിയ മുപ്പതിനായിരം രൂപയുടെ കാര്യം മറ്റാരോടും പറഞ്ഞിി‍ല്ല. ഒരു പക്ഷെ ഞാന്‍ മരിച്ചു പോയാല്‍....................................................

ഇപ്പോള്‍ തോന്നുന്നു സുമിത്രയോടു ഒന്നും പറയാതെ പോയത്‌ തെറ്റായിപ്പോയിയെന്ന്‌ . നാട്ടിലെ സ്ഥലം വിറ്റപ്പോള്‍ കിട്ടിയ പണം ബന്ധുക്കളുടെയും നാട്ടുകാരുടെയും കയ്യിലാണ്‌ , ഒരു രേഖകളുമില്ലാതെ, എനിക്കു പറയാനാവുന്നില്ലല്ലോ , ഒന്നും ആരോടും...............................

.....................................................................

കൈകളും കാലുകളും തോര്‍ത്തു കൊണ്ട്‌ കൈ കെട്ടിയിരിക്കുന്നു,. അപസ്മാരബാധിതരെ പോലെ എന്റെ ശരീരം ഇടയ്ക്കിടയ്ക്ക്‌ കിടുങ്ങി വിറയ്ക്കുന്നു , തല പൊട്ടി തകരുന്നതായി തോന്നും ആ നേരം . സുമിത്ര അടുത്തു തന്നെ ഇരിപ്പുണ്ട്‌ , ഇത്തവണ അവളുടെ കണ്ണുകള്‍ ഈറനായിരിക്കുന്നു . എന്നെ നായീകരിക്കുവാനെങ്കിലും രണ്ടു വാക്കുകള്‍ പറയാന്‍ ഈശ്വരന്‍ അനുവദിക്കുന്നില്ലല്ലോ.

ഗൗരിയ്ക്ക്‌ ഉരുള ഉരുി‍ കൊടുക്കാന്‍ കഴിയാതെ പോയ നാലാമത്തെ ദിവസമാണിന്ന്‌. എല്ലാവരും കരയുന്നു , എന്റെ സുമിത്രയും ഗൗരിയുമടക്കം ! ,വേദന പെട്ടെന്ന്‌ എന്നെ വിട്ട്‌ പോയതു പോലെ , ചുറ്റും കിടക്കുന്ന രോഗികളോടൊപ്പമുള്ളവരെല്ലാവരും നിര്‍വികാരരായി നോക്കി നില്‍ക്കുന്നു. സുമിത്രയേയും ഗൗരിയേയും ആരൊക്കെയോ വന്ന്‌ പിടിച്ചു കൊണ്ടു പോകുന്നു. എങ്ങോയെട്ടെക്കാണ്‌ അവരെ കൊണ്ട്‌ പോകുന്നത്‌ എന്റെ അരികില്‍ നിന്നും.......

കൂടുതല്‍ പേര്‍ വന്ന്‌ വെള്ള പുതപ്പിച്ച്‌ എന്റെ ശരീരത്തെ അകലേയ്ക്കു കൊണ്ടു പോകുമ്പോള്‍ കൂടെ പോകാന്‍ കഴിയാത്തതെന്തേ എന്നു ഞാന്‍ ശങ്കിച്ചു.

സ്നേഹത്തിലേയ്ക്ക്‌

ഫോണ്‍ വന്നത്‌ ഓഫിസിലേയ്ക്കിറങ്ങിയുടനെ ആയിരുന്നെങ്കിലും ശ്യാമ വിവരം പറഞ്ഞത്‌ ഓഫിസില്‍ നിന്നും തിരിച്ചെത്തിയപ്പോളാണ്‌,

അവള്‍ മനപ്പൂര്‍വം പറയാതിരുന്നതാണ്‌, ആ ഫോണ്‍ കോളില്‍ പ്രസരിച്ചത്‌ എന്റെ ഏട്ടന്റെ ജീവന്റെ തരംഗങ്ങള്‍ ആയിരുന്നുവെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു, സര്‍വസുഖങ്ങളുടേയും ഇടയില്‍ വളര്‍ന്ന അവള്‍ സ്നേഹത്തിന്റെ വില അറിയുന്നതെങ്ങനെ, എനിക്കറിയാം ഏട്ടനെ ഒരിക്കലും അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല, ഏട്ടനെ മാത്രമല്ല, എന്റെ നാടിനെയും,നാട്ടാരെയും അവള്‍ക്ക്‌ വെറുപ്പായിരുന്നു, അവസാനമായി ഏട്ടനെ കണ്ടത്‌ രണ്ട്‌ വര്‍ഷം മുമ്പുള്ള ശിവരാത്രിയ്ക്കാണ്‌,കഥകളി കാണണം എന്ന വിചാരം ശക്തി പ്രാപിച്ചപ്പോള്‍ പുറപ്പെടുകയായിരുന്നു, അതും ശിവരാത്രിക്കും നാലു നാള്‍ മുന്‍പ്‌, ശ്യാമ വരാത്തതെന്തേ എന്നുള്ള ചോദ്യങ്ങളൊക്കെയും ഏട്ടന്‍ നേരിട്ട്‌ മറുപടി കൊടു.പ്പോള്‍ ,ആ മനുഷ്യന്റെ ശാപം അവള്‍ക്കു കിട്ടാതിരിക്കട്ടെ എന്നായിരുന്നു പ്രാര്‍ഥന,

അന്നും ഒറ്റക്കായിരുന്നു,അമ്മയില്ലാതെ എങ്ങും പൊകാന്‍ അരുണിനെ കിട്ടില്ല എന്നറിയാവുന്നത്‌ കൊണ്ടു തന്നെ അവനോടു തിരക്കിയതുമില്ല ,പക്ഷെ ഈ യാത്രയ്ക്കു അവനെയും വിളിച്ചിരുന്നു.

ഏട്ടനൊപ്പം സ്റ്റേജിന്റെ ഏറ്റവും മുന്നിലിരുന്നായിരുന്നു അന്നു കഥകളി കണ്ടത്‌, ഇടയ്ക്കെപ്പൊഴോ ഏട്ടന്റെ തോളിലേയ്ക്കു ചാഞ്ഞുറങ്ങിപ്പോയി .ദുശാസനന്റെ കുടല്‍മാലകള്‍ പുറത്തിടുന്ന ഭീമസേനന്റെ അലര്‍ച്ച കേട്ടുണര്‍ന്നപ്പോള്‍ പണ്ടു കളി കണ്ടുറങ്ങുമ്പോള്‍ തന്നെ തോളിലേറ്റി വീട്ടിലേയ്ക്കു നടന്നു പോകാറുള്ള കാര്യം പറഞ്ഞു ഏട്ടന്‍ ചിരിച്ചു.വേതാളം എന്നായിരുന്നു എന്നെ നാണു മൂപ്പര്‍ അക്കാലത്ത്‌ വിളിച്ചിരുന്നത്‌.

ഏട്ടനെപ്പോലെ അധികം പേരുണ്ടാവില്ല എന്നെനിക്കുറപ്പാണ്‌, എല്ലാവരേയും സ്നേഹിക്കുന്ന, തന്റെ സുഖങ്ങളെല്ലാം മറ്റുള്ളവര്‍ക്ക്‌ പകുത്തു നല്‍കുന്ന ഏട്ടന്‍,

കുഞ്ഞുന്നാളില്‍ എത്രയോ തവണ എനിക്കു കിട്ടേണ്ട ശകാരവും തല്ലും ഏട്ടന്‍ ഏറ്റുവാങ്ങിയിരിക്കുന്നു,

ഒരു പരാതിയുമില്ലാതെ എട്ടന്‍ വീണ്ടും സ്നേഹം കൊണ്ടുവരുമ്പോള്‍ മനസു വിതുമ്പിയിട്ടുണ്ട്‌

മടങ്ങാന്‍ നേരം ഏട്ടന്‍ പതിവില്ലാത്ത വണ്ണം കരഞ്ഞിരുന്നു!

കുഞ്ഞുന്നാളില്‍ പോലും ഏട്ടനെ ഞാന്‍ കരഞ്ഞു കണ്ടിട്ടില്ല, പക്ഷെ ഏട്ടനെ ഒരാള്‍ കരയാന്‍ പഠിപ്പിച്ചു, ഒരു പക്ഷെ ഈ ലോകത്തു ചേട്ടനോളം നന്മയുണ്ടായിരുന്ന എന്റെ ലക്ഷ്മിയേടത്തി.

വളരെ വൈകി എന്റെയേട്ടനു രണ്ടു കുഞ്ഞുങ്ങളെ നല്‍കി ഏടത്തി മടങ്ങുമ്പോള്‍ ഏട്ടന്‍ ആദ്യമായി കരയുന്നതു ഞാന്‍ കണ്ടു,

രണ്ടു ചോരകുഞ്ഞുങ്ങള്‍ അമ്മയെവിളിച്ചു കരയുമ്പോള്‍ , എട്ടത്തിയെ അടക്കിയ ദിവസം അരുണുമൊത്ത്‌ തിരിച്ചു പൊകാന്‍ ഒരുങ്ങിയിരുന്നു ശ്യാമ , അപേക്ഷിച്ചപ്പോള്‍ ഒരു ദിവസം കൂടി നിന്നു എന്നതു മാത്രമാണ്‌ അവള്‍ ചെയ്ത പുണ്യം . ദിവസങ്ങള്‍ ഓരോന്നു കഴിയുമ്പോഴും വന്നവരെല്ലാരും മടങ്ങി വീട്ടില്‍ ഞങ്ങള്‍ മാത്രമാവുന്നതു വേദനയൊടെ ഞാനറിഞ്ഞു,

തറവാട്ടില്‍ ഏട്ടനും ഏട്ടത്തിയും മാത്രമായിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരുന്നു . തറവാട്ടിലെ അംഗങ്ങളെല്ലാം പുതിയ തലമുറകള്‍ക്കൊപ്പം പുതിയ പുതിയ സ്ഥലങ്ങളിലേയ്ക്കു ചേക്കേറിയപ്പൊള്‍ , എന്റെ പഴഞ്ചന്‍ ഏട്ടനും ഒരു പാവം ഏട്ടത്തിയും മാത്രം അവശേഷിച്ചു.

കുഞ്ഞുങ്ങളെ കൊണ്ടു പോകാന്‍ ഏട്ടത്തിയുടെ അമ്മയും അച്ചനും തറവാട്ടിലേയ്ക്കു മടങ്ങി പൊന്നു, ഏട്ടന്റെ നിര്‍ബന്ധപ്രകാരം അവര്‍ തറവാട്ടില്‍ തന്നെ താമസമാക്കി.

ഒടുവില്‍ മടങ്ങുമ്പോള്‍ നെഞ്ചോടു ചേര്‍ത്ത്‌ ഏട്ടന്‍ പറഞ്ഞു ഏട്ടനെ കാണാന്‍ വന്നു കൊണ്ടേയിരിക്കണമെന്ന്‌

ഏട്ടന്റെ മാത്രം മക്കളായല്ല ഇന്ദുവും, സ്വാതിയും വളര്‍ന്നത്‌ , അരുണില്‍ നിന്നും കിട്ടാത്തതെല്ലാം ഞാനവരിലൂടെ അറിഞ്ഞു, ആ സുന്ദരിക്കുട്ടികളെ ഒരിക്കല്‍ പൊലും ശ്യാമ കണ്ടില്ല. ഏട്ടത്തിയോടു അവള്‍ക്കു അസൂയയായിരുന്നു, ചിരിച്ചു മയക്കുന്ന സുന്ദരി എന്നായിരുന്നു അവള്‍ ഏട്ടതിക്കു കൊടുത്തിരുന്ന പേര്‌.

ആഴ്ചയിലൊരിക്കലുള്ള യാത്രകള്‍ പതിയെ മാസത്തിലൊരിക്കലായി,വര്‍ഷത്തിലൊരിക്കലായി, പക്ഷെ ഏട്ടന്റേയും മക്കളുടേയും സ്നേഹം സത്യമായി മനസില്‍ തന്നെ ഉണ്ടായിരുന്നു.ഏട്ടന്‌ പനിയാണെന്ന്‌ ഇന്നലെ ഇന്ദു വിളിച്ചു പറഞ്ഞിരുന്നു, കുട്ടികള്‍ക്കു പത്താം തരത്തിലെ പരീക്ഷ തീരുന്ന ദിവസം ഏട്ടന്‍ മുറ്റത്തു വീണത്രെ, പിന്നെയവള്‍ കരയുകയായിരുന്നു, ഇളയച്ചന്‍ നാളെത്തന്നെയെത്താം എന്നു വാക്കുകൊടുത്തിട്ടാണ്‌ അവള്‍ കരച്ചില്‍ നിര്‍ത്തിയത്‌, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയലുകള്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണു യാത്ര ഇന്നേയ്ക്കു മാറ്റിയത്‌.


പരിചിതമായ വഴികളിലൂടെ ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഏട്ടനെയോര്‍ത്തു. പൂമുഖത്തെ ചാരു കസേരയില്‍ ഇരുന്നു മയങ്ങുന്നു ഏട്ടന്‍ . എന്നെ കാത്തിരുന്നു തളര്‍ന്നതാവും ഏട്ടന്‍ . കവലയിലിറങ്ങിയപ്പോല്‍ എല്ലാവരും അടക്കി എന്തൊക്കെയോ സംസാരിക്കുന്നതു പോലെ , കാണുന്നവരെല്ലാവരും അടുത്തേയ്ക്കു വരുന്നു, നില്‍ക്കാന്‍ പറ്റില്ല, എന്നേയും കാത്തിരിക്കുകയാവും ഏട്ടന്‍ , ആരും പറയുന്നതു ഞാന്‍ കേട്ടില്ല, ഏട്ടന്‍ വിളിച്ചിട്ടാണോ ഇവരൊക്കെ വന്നിരിക്കുന്നതു, എന്താണു തറവാട്ടില്‍ വിശേഷം, പൂമുഖത്തു ഏട്ടന്‍ മയങ്ങുക തന്നെയല്ലെ, അതേ, ചാരു കസേരയില്‍ അല്ലായിരുന്നു എന്നു മാത്രം , നിലത്തു പായില്‍, കാത്തിരുന്നു തളര്‍ന്നു മയങ്ങിയ എന്റെ ഏട്ടന്‍,

ഇരു തോളിലുമായി വന്നു വീണ ഈ കുട്ടികളുടെ മുന്നില്‍ ഞാനെങ്ങനെ കരയും,ആരൊക്കെയോ എന്നില്‍ നിന്നും പറിച്ചെടുത്തു കൊണ്ടുപോയി അവരെ, ഏട്ടനെന്താ പറയാനുണ്ടായിരുന്നെ, പറയാതിരിക്കില്ല്ല ഏട്ടന്‍ , കാലുകള്‍ തളരുന്നതു പോലെ , എന്നെ പിടിക്കൂയേട്ടാ ഞാന്‍ വീണേക്കും, ഞാന്‍ കരയുന്നതു ഏട്ടനിഷ്ടമില്ല എന്നറിയാം , പക്ഷെ ഞാന്‍ പൊട്ടികരഞ്ഞേക്കും, പലവട്ടം എന്നെ താങ്ങിയ ഈ നെഞ്ചിലേയ്ക്കു ഞാന്‍ വീണു പൊയി ഏട്ടാ , ക്ഷമിക്കുക വേദനിച്ചെങ്കില്‍


..................................

ശ്യാമയ്ക്കു പോകണമെന്നു പറഞ്ഞപ്പോള്‍ എതിരു നിന്നില്ല
ആരുമില്ലാതായ രണ്ട്‌ കുട്ടികളെ ഉപേക്ഷിച്ച്‌ എനിക്കിവിടം വിടാനാവില്ലെന്ന്‌ അവള്‍ക്കറിയാതിരിക്കുമോ

അവള്‍ പോകില്ല എന്നു തോന്നി .പക്ഷെ പോയി എന്നു മാത്രമല്ല , ഇറങ്ങാന്‍ നേരം അവള്‍ പറഞ്ഞ വാക്കുകള്‍ അവളൊരു അമ്മയേ അല്ല എന്നെനിക്കു തോന്നിപ്പിച്ചു . 'കെട്ടി ഒരുക്കി കൊണ്ടു വന്നേക്കണം രണ്ടിനേം' ഈ വാക്കുകള്‍ ഒരു വേദനയായി ചെവിയില്‍ മുഴങ്ങി നിന്നപ്പോള്‍ ഇനി ഒഴുക്കാന്‍ കണ്ണ്‍നീരില്ലാതെ ,സ്നേഹത്തോടെ ഒന്നു വിളിക്കാന്‍ കൂടി ആരുമില്ലാതെ രണ്ടു ജീവനുകള്‍ ഒരു പായയില്‍ ഒതുങ്ങിക്കൂടുകയായിരുന്നു.

കരഞ്ഞുറങ്ങി പോയില്ലെങ്കില്‍ ഇളയച്ചന്റെ ഇരുതോളിലുമായി വേദന ഒഴുക്കി കളയുന്ന രണ്ടാത്മാക്കളെ വലിച്ചെറിയാനാവുമോ

കണ്ണൊന്നടഞ്ഞാല്‍ ഏട്ടന്റെ മുഖമാണ്‌ , എന്റെ മക്കള്‍ക്കു നീയുണ്ടല്ലൊടാ എന്നു പറഞ്ഞിട്ടു ഏട്ടന്‍ ചിരിക്കുകയാണ്‌.

....................................................................

എന്താണു ചെയ്യേണ്ടതെന്നെനിക്കറിയില്ല, ഇവരേയും കൊണ്ട്‌ എറണാകുളി.ക്ക്‌ പോകാന്‍ കഴിയില്ല.

.........................................................................

ഏട്ടന്‍ നടന്ന വഴികളിലൂടെ വെറുതെ നടന്നു ,ഏട്ടനിരിക്കാറുള്ള സ്ഥലങ്ങളില്‍ കുറച്ചു നേരം പോയിരുന്നു, ഏട്ടന്റെ പഴയ വാച്ചു കൈയില്‍ കേട്ടാന്‍ തുടങ്ങി,ഏട്ടന്റെ ഒരു കാലു പോയ കണ്ണട വച്ചു പത്രം വായിച്ചു, ഏട്ടന്റെ മക്കളെ കെട്ടിപ്പിടിച്ചു കൊണ്ടു കിടന്നുറങ്ങി..........

പിന്നെ പിന്നെ ഏട്ടന്‍ ഇരുന്നു മയങ്ങാറുള്ള ആ ചാരുകസേരയില്‍ ഇരുന്നു മയങ്ങുന്നതു പതിവാക്കി..................................

അമ്മ

ഏനിക്കു വേണ്ട ഒന്നും'
'എന്നാ നിങ്ങള്‍ വായില്‍ വെയ്ക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ഉണ്ടാക്കി തന്നിട്ടുള്ളത്‌'

അമ്മ ഒന്നു ഏങ്ങിയില്ലെ ?,,അമ്മയുടെ കണ്ണു നിറയുന്നില്ലെ?..,ശാലിനി അമ്മയുടെ അടു.ത്തു ചെന്നു മെല്ലെ ദേഹ.ത്തു തട്ടി .അതെ അമ്മ കരയുകയാണ്‌, ആരും കാണാതെ ,ഉള്ളില്‍ അടക്കി വച്ചു കരയുകയാണ്‌, അമ്മ കരയുന്നതെനിക്കു കേള്‍ക്കാം,ചേട്ടനെന്താ കേള്‍ക്കാന്‍ പറ്റാത്തത്‌,കേട്ടിരുന്നെങ്ങില്‍ ചേട്ടന്‍ ഇങ്ങനെയൊക്കെ അമ്മയോട്‌ പറയുമോ,

അല്ലെങ്ങില്‍ തന്നെ അമ്മ ഉണ്ടാക്കിയ ദോശയ്ക്കു എന്താണു കുഴപ്പം, താനും കഴിച്ചതാണല്ലൊ,അല്ലെങ്ങിലും ചേട്ടനിപ്പോള്‍ ചീത്തയാ, അമ്മയോടും തന്നോടും എപ്പോഴും ദേഷ്യമാണു, ആരെങ്കിലും ഫോണില്‍ വിളിച്ചാലോ നിര്‍.ത്താതെ ചിരിച്ചു കൊണ്ടു സംസാരിക്കും, ശാലിനി വിനുവിന്റെ പിറകെ ചെന്നു ,അവന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു,

അവന്‍ ഇടവഴിയിലൂടെ വേഗ.ത്തില്‍ നടന്നു ,കാലത്തു തന്നെ എത്താം, സിനിമയ്ക്കു ഒരുമിച്ചു പോകാം എന്നു പറഞ്ഞിട്ടു വാക്കു തെറ്റിച്ചാല്‍ എല്ലാം കൂടി മണ്ടയ്ക്കു കേറും,പ്രധാന നിരത്തിലേയ്ക്കു കേറുന്നിട.ത്ത്‌ ഒന്നു നിന്ന്‌ കീശയില്‍ തപ്പി കാശുണ്ടെന്നു ഉറപ്പു വരുത്തി. അമ്മ തയ്യല്‍ മെഷീനോടു ചേര്‍ന്നുള്ള അലമാരിയിലാണു കാശുവെയ്ക്കുന്നതെന്നു വളരെ അടുത്തകാല.ത്താണു കണ്ടു പിടിച്ചത്‌. ഇരുപതു രൂപ സത്യ.ത്തില്‍ കുറവാണു ,സാബുവും,ഹരിയുമാണെങ്കില്‍ 50 ഉം 100 മൊക്കെയാണു കൊണ്ടു നടക്കുന്നത്‌, താന്‍ ഒരിക്കലും വലിയ നോട്ടുകള്‍ അമ്മ കാശ്‌ വെയ്ക്കുന്നിട.ത്തു കണ്ടിട്ടില്ല,

'ഇറങ്ങെടാ, എന്താ നീ സ്വപ്നം കാണുന്നെ', മഹേഷ്‌ ആണു, ഇത്ര വേഗ.ത്തില്‍ എത്തിയൊ, ബസ്സില്‍ കേറിയതു മാത്രമെ ഓര്‍മയുള്ളൂ, എല്ലാവരും ഉണ്ട്‌. കോളേജിനോട്‌ ചേര്‍ന്നുള്ള ബസ്സ്‌ സ്റ്റോപ്പില്‍ ,കുറച്ചു നേരമായത്രെ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌, ഇനി 15 മിനിറ്റ്‌ കഴിഞ്ഞിട്ടെ ബസ്സ്‌ ഉള്ളൂ ,വിനു ബസ്സ്‌ സ്റ്റോപ്പിലേയ്ക്കു കേറി നിന്നു .

പെട്ടെന്നു ഷര്‍ട്ടില്‍ ആരൊ പിടിച്ചു താഴേക്കു വലിക്കുന്നതു പൊലെ , ഹെയ്‌! 5,6 വയസു തൊന്നിക്കുന്ന ഒരു ആണ്‍കുട്ടി ,കീറി പറിഞ്ഞ വെഷം, വിനു കൈ വീശിയ ശക്തി കൊണ്ടു ദൂരെയ്ക്കു വീണു അവന്‍!,എല്ലാവരും പൊട്ടിച്ചിരിച്ചു,
ഒപ്പം താനും, അവന്‍ വീണിട.ത്തു നിന്നു മെല്ലെ എഴുന്നേറ്റു , കരഞ്ഞു കൊണ്ടു റോഡിലൂടെ പൊകുന്നവരൊടൊക്കെ കൈ നീട്ടാന്‍ തുടങ്ങി..,

തന്റെ മനസൊ്ന്നു പിടഞ്ഞില്ലെ, അവന്‍ കരയുന്നതു പോലെ തന്നെയല്ലെ അമ്മ ഇന്നു രാവിലെ കരഞ്ഞതും .....

ബസ്സ്‌ സ്റ്റോപ്പിനു എതിര്‍വശ.ത്തുള്ള ഹോട്ടലിനോടു ചേര്‍ന്നുള്ള മതില്‍ അവന്‍ വളരെ പണിപ്പെട്ടു കയറി അപ്പുറത്തെയ്ക്കു ചാടാന്‍ നോക്കുകയാണു, വീണ്ടും നോക്കിയപ്പൊള്‍ അവന്‍ മതിലിനു മുകളില്‍ ഇല്ലായിരുനു, അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്റെ തല ആ മതിലിനപ്പുറ.ത്തു കണ്ടു ,അവന്റെ തലയില്‍ നിറയെ ചോറിന്റെയും ,കറികളുടെയും , അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു, ചാടി താഴെയിറങ്ങി അവന്‍ മുന്നിലൂടെ ഓടിപ്പോയി, ഓടുമ്പോള്‍ അവന്റെ ദേഹ.ത്തു നിന്നും എച്ചില്‍ ചിതറി വീഴുന്നുണ്ടായിരുന്നു, അവന്‍ എങ്ങോട്ടാണു ഓടിപ്പോകുന്നത്‌ ?, ഇത്ര പെട്ടെന്നവന്‍ എങ്ങോട്ടാണു മറഞ്ഞത്‌ ?
മറ്റാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നു മനസിലായത്‌ ഒരു പൊട്ടിച്ചിരി കേട്ടിട്ടാണ്‌, കാണാന്‍ പോകുന്ന സിനിമയിലെ നടന്‍ മുന്‍പു അഭിനയിച്ചു തകര്‍. ഒരു സിനിമയിലെ രംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണവിടെ എല്ലാവരും,

ദൂരെ നിന്നും രണ്ട്‌ പൊട്ടുകള്‍ വരുന്നതു പോലെ, അതടുത്തേയ്ക്കു വന്നപ്പോള്‍ മനസിലായി ,ഒന്ന്‌ അവനാണു, മറ്റൊരു കുട്ടി കൂടി കൂടിയുണ്ടു അവനൊപ്പം, അവന്റെ കൈ ചേര്‍.ത്തു പിടിച്ചിട്ടുണ്ട്‌.അവനെക്കാളും ചെറിയ കുട്ടിയാണു, അവന്റെ അനിയനാണോ അത്‌ ?, അവരെങ്ങോട്ടാണു ഇങ്ങനെ ഓടുന്നത്‌ ?, നോക്കി നില്‍ക്കെ ആ മതിലിലേയ്ക്കവന്‍ അവന്‍ ഏന്തി വലിഞ്ഞു കേറി, മേറ്റ്‌ കുട്ടിയെ പിടിച്ചു മുകളിലേക്ക്‌ കേറ്റി, രണ്ടു പേരും മതിലിനപ്പുറ.ത്തു മാഞ്ഞു പോയി,

'ടാ വായിനോക്കി നില്‍ക്കാതെ കേറടാ', ബസിനുള്ളില്‍ നിന്നാണു വിളിക്കുന്നത്‌ , ഈ ബസ്സ്‌ എപ്പോള്‍ വന്നു ?, എല്ലാവരും കേറിയോ ?, എനിക്കെന്താ കേറാന്‍ പറ്റാത്തെ. ?
, എനിക്കു പോകാന്‍ പറ്റുമോ ഇവരൊടൊപ്പം , ഇല്ല, 'ഞാന്‍ വരുന്നില്ല ' വാക്കുകള്‍ അറിയാതെ അടര്‍ന്നു വീണു,

'എന്താ നിനക്കു പറ്റിയെ' എല്ലാവരും ദാ ബസ്സില്‍ നിന്നിറങ്ങുന്നു
'ഇല്ലടാ ഒന്നുമില്ല ,നിങ്ങള്‍ പൊയ്ക്കൊ,ഞാനില്ല'

ബസ്സ്‌ മുന്നിലൂടെ പൊയതു കണ്ടോ, ബസ്സില്‍ നിന്നു കൂട്ടുകാര്‍ എത്തി നൊക്കുന്നതു കണ്ടോ,ഉറപ്പില്ല, പക്ഷെ കയ്യില്‍ എച്ചില്‍ നിറച്ച പ്ലാസ്റ്റിക്‌ കവറുകളുമായി മുന്നിലൂടെ ഓടി പൊകുന്ന രണ്ടു കുട്ടികളെ ഞാന്‍ കണ്ടു,

കാലുകള്‍ നില.ത്തു തൊടുന്നുണ്ടോ,സ്പര്‍ശനമറിയാത്ത വണ്ണം ദേഹം മരവിച്ചുവൊ, വഴികളെല്ലാം പുതുതായി തോന്നുന്നു, നൂറുവട്ടം നടക്കുന്ന ഈ ഇടവഴിയും എന്നെ അറിയാത്ത പോലെ ,എന്റെ കണ്ണു നിറയുന്നു, ഉള്ളില്‍ എന്തൊക്കെയൊ വിങ്ങുന്നു,

അമ്മ കണ്ണില്‍ നിന്നും മാറുന്നില്ല, അമ്മയുടെ മുഖമല്ലേ അവനു, ബാഗ്‌ കട്ടിലിനു പുറത്തേയ്ക്കു വലിച്ചെറിഞ്ഞു, നേരേ അമ്മ തുണി തയ്ക്കുന്ന മുറിയിലേയ്ക്കു ചെന്നു, അമ്മ അവന്റെ മുഖത്തേയ്ക്കു നോക്കി,അമ്മ കരയാനൊരുങ്ങുന്നു,വിനു അമ്മയെ കെട്ടിപ്പിടിച്ചു , മുഖം മുഴുവന്‍ ഉമ്മ വച്ചു,പിന്നെയവന്‍ ഉറക്കെ കരഞ്ഞു, അമ്മയുടെ കണ്ണുനീരിനു മറ്റ്ല്ലാത്തിനേക്കാളും അവനു രുചി തോന്നി