Sunday, October 21, 2007

സ്നേഹത്തിലേയ്ക്ക്‌

ഫോണ്‍ വന്നത്‌ ഓഫിസിലേയ്ക്കിറങ്ങിയുടനെ ആയിരുന്നെങ്കിലും ശ്യാമ വിവരം പറഞ്ഞത്‌ ഓഫിസില്‍ നിന്നും തിരിച്ചെത്തിയപ്പോളാണ്‌,

അവള്‍ മനപ്പൂര്‍വം പറയാതിരുന്നതാണ്‌, ആ ഫോണ്‍ കോളില്‍ പ്രസരിച്ചത്‌ എന്റെ ഏട്ടന്റെ ജീവന്റെ തരംഗങ്ങള്‍ ആയിരുന്നുവെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു, സര്‍വസുഖങ്ങളുടേയും ഇടയില്‍ വളര്‍ന്ന അവള്‍ സ്നേഹത്തിന്റെ വില അറിയുന്നതെങ്ങനെ, എനിക്കറിയാം ഏട്ടനെ ഒരിക്കലും അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല, ഏട്ടനെ മാത്രമല്ല, എന്റെ നാടിനെയും,നാട്ടാരെയും അവള്‍ക്ക്‌ വെറുപ്പായിരുന്നു, അവസാനമായി ഏട്ടനെ കണ്ടത്‌ രണ്ട്‌ വര്‍ഷം മുമ്പുള്ള ശിവരാത്രിയ്ക്കാണ്‌,കഥകളി കാണണം എന്ന വിചാരം ശക്തി പ്രാപിച്ചപ്പോള്‍ പുറപ്പെടുകയായിരുന്നു, അതും ശിവരാത്രിക്കും നാലു നാള്‍ മുന്‍പ്‌, ശ്യാമ വരാത്തതെന്തേ എന്നുള്ള ചോദ്യങ്ങളൊക്കെയും ഏട്ടന്‍ നേരിട്ട്‌ മറുപടി കൊടു.പ്പോള്‍ ,ആ മനുഷ്യന്റെ ശാപം അവള്‍ക്കു കിട്ടാതിരിക്കട്ടെ എന്നായിരുന്നു പ്രാര്‍ഥന,

അന്നും ഒറ്റക്കായിരുന്നു,അമ്മയില്ലാതെ എങ്ങും പൊകാന്‍ അരുണിനെ കിട്ടില്ല എന്നറിയാവുന്നത്‌ കൊണ്ടു തന്നെ അവനോടു തിരക്കിയതുമില്ല ,പക്ഷെ ഈ യാത്രയ്ക്കു അവനെയും വിളിച്ചിരുന്നു.

ഏട്ടനൊപ്പം സ്റ്റേജിന്റെ ഏറ്റവും മുന്നിലിരുന്നായിരുന്നു അന്നു കഥകളി കണ്ടത്‌, ഇടയ്ക്കെപ്പൊഴോ ഏട്ടന്റെ തോളിലേയ്ക്കു ചാഞ്ഞുറങ്ങിപ്പോയി .ദുശാസനന്റെ കുടല്‍മാലകള്‍ പുറത്തിടുന്ന ഭീമസേനന്റെ അലര്‍ച്ച കേട്ടുണര്‍ന്നപ്പോള്‍ പണ്ടു കളി കണ്ടുറങ്ങുമ്പോള്‍ തന്നെ തോളിലേറ്റി വീട്ടിലേയ്ക്കു നടന്നു പോകാറുള്ള കാര്യം പറഞ്ഞു ഏട്ടന്‍ ചിരിച്ചു.വേതാളം എന്നായിരുന്നു എന്നെ നാണു മൂപ്പര്‍ അക്കാലത്ത്‌ വിളിച്ചിരുന്നത്‌.

ഏട്ടനെപ്പോലെ അധികം പേരുണ്ടാവില്ല എന്നെനിക്കുറപ്പാണ്‌, എല്ലാവരേയും സ്നേഹിക്കുന്ന, തന്റെ സുഖങ്ങളെല്ലാം മറ്റുള്ളവര്‍ക്ക്‌ പകുത്തു നല്‍കുന്ന ഏട്ടന്‍,

കുഞ്ഞുന്നാളില്‍ എത്രയോ തവണ എനിക്കു കിട്ടേണ്ട ശകാരവും തല്ലും ഏട്ടന്‍ ഏറ്റുവാങ്ങിയിരിക്കുന്നു,

ഒരു പരാതിയുമില്ലാതെ എട്ടന്‍ വീണ്ടും സ്നേഹം കൊണ്ടുവരുമ്പോള്‍ മനസു വിതുമ്പിയിട്ടുണ്ട്‌

മടങ്ങാന്‍ നേരം ഏട്ടന്‍ പതിവില്ലാത്ത വണ്ണം കരഞ്ഞിരുന്നു!

കുഞ്ഞുന്നാളില്‍ പോലും ഏട്ടനെ ഞാന്‍ കരഞ്ഞു കണ്ടിട്ടില്ല, പക്ഷെ ഏട്ടനെ ഒരാള്‍ കരയാന്‍ പഠിപ്പിച്ചു, ഒരു പക്ഷെ ഈ ലോകത്തു ചേട്ടനോളം നന്മയുണ്ടായിരുന്ന എന്റെ ലക്ഷ്മിയേടത്തി.

വളരെ വൈകി എന്റെയേട്ടനു രണ്ടു കുഞ്ഞുങ്ങളെ നല്‍കി ഏടത്തി മടങ്ങുമ്പോള്‍ ഏട്ടന്‍ ആദ്യമായി കരയുന്നതു ഞാന്‍ കണ്ടു,

രണ്ടു ചോരകുഞ്ഞുങ്ങള്‍ അമ്മയെവിളിച്ചു കരയുമ്പോള്‍ , എട്ടത്തിയെ അടക്കിയ ദിവസം അരുണുമൊത്ത്‌ തിരിച്ചു പൊകാന്‍ ഒരുങ്ങിയിരുന്നു ശ്യാമ , അപേക്ഷിച്ചപ്പോള്‍ ഒരു ദിവസം കൂടി നിന്നു എന്നതു മാത്രമാണ്‌ അവള്‍ ചെയ്ത പുണ്യം . ദിവസങ്ങള്‍ ഓരോന്നു കഴിയുമ്പോഴും വന്നവരെല്ലാരും മടങ്ങി വീട്ടില്‍ ഞങ്ങള്‍ മാത്രമാവുന്നതു വേദനയൊടെ ഞാനറിഞ്ഞു,

തറവാട്ടില്‍ ഏട്ടനും ഏട്ടത്തിയും മാത്രമായിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരുന്നു . തറവാട്ടിലെ അംഗങ്ങളെല്ലാം പുതിയ തലമുറകള്‍ക്കൊപ്പം പുതിയ പുതിയ സ്ഥലങ്ങളിലേയ്ക്കു ചേക്കേറിയപ്പൊള്‍ , എന്റെ പഴഞ്ചന്‍ ഏട്ടനും ഒരു പാവം ഏട്ടത്തിയും മാത്രം അവശേഷിച്ചു.

കുഞ്ഞുങ്ങളെ കൊണ്ടു പോകാന്‍ ഏട്ടത്തിയുടെ അമ്മയും അച്ചനും തറവാട്ടിലേയ്ക്കു മടങ്ങി പൊന്നു, ഏട്ടന്റെ നിര്‍ബന്ധപ്രകാരം അവര്‍ തറവാട്ടില്‍ തന്നെ താമസമാക്കി.

ഒടുവില്‍ മടങ്ങുമ്പോള്‍ നെഞ്ചോടു ചേര്‍ത്ത്‌ ഏട്ടന്‍ പറഞ്ഞു ഏട്ടനെ കാണാന്‍ വന്നു കൊണ്ടേയിരിക്കണമെന്ന്‌

ഏട്ടന്റെ മാത്രം മക്കളായല്ല ഇന്ദുവും, സ്വാതിയും വളര്‍ന്നത്‌ , അരുണില്‍ നിന്നും കിട്ടാത്തതെല്ലാം ഞാനവരിലൂടെ അറിഞ്ഞു, ആ സുന്ദരിക്കുട്ടികളെ ഒരിക്കല്‍ പൊലും ശ്യാമ കണ്ടില്ല. ഏട്ടത്തിയോടു അവള്‍ക്കു അസൂയയായിരുന്നു, ചിരിച്ചു മയക്കുന്ന സുന്ദരി എന്നായിരുന്നു അവള്‍ ഏട്ടതിക്കു കൊടുത്തിരുന്ന പേര്‌.

ആഴ്ചയിലൊരിക്കലുള്ള യാത്രകള്‍ പതിയെ മാസത്തിലൊരിക്കലായി,വര്‍ഷത്തിലൊരിക്കലായി, പക്ഷെ ഏട്ടന്റേയും മക്കളുടേയും സ്നേഹം സത്യമായി മനസില്‍ തന്നെ ഉണ്ടായിരുന്നു.ഏട്ടന്‌ പനിയാണെന്ന്‌ ഇന്നലെ ഇന്ദു വിളിച്ചു പറഞ്ഞിരുന്നു, കുട്ടികള്‍ക്കു പത്താം തരത്തിലെ പരീക്ഷ തീരുന്ന ദിവസം ഏട്ടന്‍ മുറ്റത്തു വീണത്രെ, പിന്നെയവള്‍ കരയുകയായിരുന്നു, ഇളയച്ചന്‍ നാളെത്തന്നെയെത്താം എന്നു വാക്കുകൊടുത്തിട്ടാണ്‌ അവള്‍ കരച്ചില്‍ നിര്‍ത്തിയത്‌, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയലുകള്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണു യാത്ര ഇന്നേയ്ക്കു മാറ്റിയത്‌.


പരിചിതമായ വഴികളിലൂടെ ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഏട്ടനെയോര്‍ത്തു. പൂമുഖത്തെ ചാരു കസേരയില്‍ ഇരുന്നു മയങ്ങുന്നു ഏട്ടന്‍ . എന്നെ കാത്തിരുന്നു തളര്‍ന്നതാവും ഏട്ടന്‍ . കവലയിലിറങ്ങിയപ്പോല്‍ എല്ലാവരും അടക്കി എന്തൊക്കെയോ സംസാരിക്കുന്നതു പോലെ , കാണുന്നവരെല്ലാവരും അടുത്തേയ്ക്കു വരുന്നു, നില്‍ക്കാന്‍ പറ്റില്ല, എന്നേയും കാത്തിരിക്കുകയാവും ഏട്ടന്‍ , ആരും പറയുന്നതു ഞാന്‍ കേട്ടില്ല, ഏട്ടന്‍ വിളിച്ചിട്ടാണോ ഇവരൊക്കെ വന്നിരിക്കുന്നതു, എന്താണു തറവാട്ടില്‍ വിശേഷം, പൂമുഖത്തു ഏട്ടന്‍ മയങ്ങുക തന്നെയല്ലെ, അതേ, ചാരു കസേരയില്‍ അല്ലായിരുന്നു എന്നു മാത്രം , നിലത്തു പായില്‍, കാത്തിരുന്നു തളര്‍ന്നു മയങ്ങിയ എന്റെ ഏട്ടന്‍,

ഇരു തോളിലുമായി വന്നു വീണ ഈ കുട്ടികളുടെ മുന്നില്‍ ഞാനെങ്ങനെ കരയും,ആരൊക്കെയോ എന്നില്‍ നിന്നും പറിച്ചെടുത്തു കൊണ്ടുപോയി അവരെ, ഏട്ടനെന്താ പറയാനുണ്ടായിരുന്നെ, പറയാതിരിക്കില്ല്ല ഏട്ടന്‍ , കാലുകള്‍ തളരുന്നതു പോലെ , എന്നെ പിടിക്കൂയേട്ടാ ഞാന്‍ വീണേക്കും, ഞാന്‍ കരയുന്നതു ഏട്ടനിഷ്ടമില്ല എന്നറിയാം , പക്ഷെ ഞാന്‍ പൊട്ടികരഞ്ഞേക്കും, പലവട്ടം എന്നെ താങ്ങിയ ഈ നെഞ്ചിലേയ്ക്കു ഞാന്‍ വീണു പൊയി ഏട്ടാ , ക്ഷമിക്കുക വേദനിച്ചെങ്കില്‍


..................................

ശ്യാമയ്ക്കു പോകണമെന്നു പറഞ്ഞപ്പോള്‍ എതിരു നിന്നില്ല
ആരുമില്ലാതായ രണ്ട്‌ കുട്ടികളെ ഉപേക്ഷിച്ച്‌ എനിക്കിവിടം വിടാനാവില്ലെന്ന്‌ അവള്‍ക്കറിയാതിരിക്കുമോ

അവള്‍ പോകില്ല എന്നു തോന്നി .പക്ഷെ പോയി എന്നു മാത്രമല്ല , ഇറങ്ങാന്‍ നേരം അവള്‍ പറഞ്ഞ വാക്കുകള്‍ അവളൊരു അമ്മയേ അല്ല എന്നെനിക്കു തോന്നിപ്പിച്ചു . 'കെട്ടി ഒരുക്കി കൊണ്ടു വന്നേക്കണം രണ്ടിനേം' ഈ വാക്കുകള്‍ ഒരു വേദനയായി ചെവിയില്‍ മുഴങ്ങി നിന്നപ്പോള്‍ ഇനി ഒഴുക്കാന്‍ കണ്ണ്‍നീരില്ലാതെ ,സ്നേഹത്തോടെ ഒന്നു വിളിക്കാന്‍ കൂടി ആരുമില്ലാതെ രണ്ടു ജീവനുകള്‍ ഒരു പായയില്‍ ഒതുങ്ങിക്കൂടുകയായിരുന്നു.

കരഞ്ഞുറങ്ങി പോയില്ലെങ്കില്‍ ഇളയച്ചന്റെ ഇരുതോളിലുമായി വേദന ഒഴുക്കി കളയുന്ന രണ്ടാത്മാക്കളെ വലിച്ചെറിയാനാവുമോ

കണ്ണൊന്നടഞ്ഞാല്‍ ഏട്ടന്റെ മുഖമാണ്‌ , എന്റെ മക്കള്‍ക്കു നീയുണ്ടല്ലൊടാ എന്നു പറഞ്ഞിട്ടു ഏട്ടന്‍ ചിരിക്കുകയാണ്‌.

....................................................................

എന്താണു ചെയ്യേണ്ടതെന്നെനിക്കറിയില്ല, ഇവരേയും കൊണ്ട്‌ എറണാകുളി.ക്ക്‌ പോകാന്‍ കഴിയില്ല.

.........................................................................

ഏട്ടന്‍ നടന്ന വഴികളിലൂടെ വെറുതെ നടന്നു ,ഏട്ടനിരിക്കാറുള്ള സ്ഥലങ്ങളില്‍ കുറച്ചു നേരം പോയിരുന്നു, ഏട്ടന്റെ പഴയ വാച്ചു കൈയില്‍ കേട്ടാന്‍ തുടങ്ങി,ഏട്ടന്റെ ഒരു കാലു പോയ കണ്ണട വച്ചു പത്രം വായിച്ചു, ഏട്ടന്റെ മക്കളെ കെട്ടിപ്പിടിച്ചു കൊണ്ടു കിടന്നുറങ്ങി..........

പിന്നെ പിന്നെ ഏട്ടന്‍ ഇരുന്നു മയങ്ങാറുള്ള ആ ചാരുകസേരയില്‍ ഇരുന്നു മയങ്ങുന്നതു പതിവാക്കി..................................

4 comments:

mazha said...

ആവര്‍ത്തനങ്ങള്‍ എനിക്കിഷ്ടമല്ലാത്തത് കൊണ്ട് നന്നായി എന്ന് വീണ്ടും പറയരുതെന്നുണ്ടായിരുന്നു..വേറൊരു വാക്ക് എനിക്കറിയില്ല....അത്രയേറെ നന്നായി

Unknown said...

നന്നായിട്ടുണ്ട്,നല്ല ഒഴുക്കുള്ള അവതരണം ആണ് താങ്കളുടെ കരുത്ത്...
പക്ഷെ ഓര്‍മകളുടെയും,ഭൂത കാലത്തെയും വിട്ടു,ഇന്നത്തെ അനുഭവങ്ങളിലേക്ക്‌ തിരിഞ്ഞു കൂടെ?.
ഇത്രയും നന്നായി ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ വെറുതെ "പൂമുഖ വാതിലും,കഥകളി രാത്രികളും,ചന്ദനവും,തുളസിയും പുരണ്ട ബാല്യ കാല സമരനകളും" ഒക്കെ ആയി വേറെ ഒരു വെറും "നൊസ്റ്റാള്‍ജിയ" അസുഖം ഉള്ള മലയാളി എഴുത്തുകാരന്‍ ആവുകയാണ് താങ്കള്‍.
കഴിഞ്ഞ പത്തു-ഇരുപതു വര്‍ഷമായി എല്ലാവരും തുടരുന്ന ഒരു രീതി ആണ് ഇത്,ഒന്ന് മാറി ചിന്ടിക്കുവാന്‍ സമയം ആയി കൂട്ടുകാരാ

അഭി said...

എന്താ പറയണം എന്ന് അറിയില്ല ....... അവസാന ഭാഗം വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി ...............
നല്ല ഒരു വായന സമ്മാനിച്ചതിന് എല്ലാവിധ അഭിനന്ദനങ്ങള്‍

ആരോമല്‍ said...

@anitha, abhi
thanks..

@Ryuzaki
thanks for your comment...
theerchayaayum sramikkam :)