Sunday, October 21, 2007

തിരിച്ചു വരവ്‌

തിരുവനന്തപുരം എന്റെ വായനയെ എത്രത്തോളം പിടി കൂടി എന്നതിനു ഉത്തരം കണ്ടെത്താന്‍ കൊല്ലം മുതല്‍ കൊച്ചി വരെയുള്ള ദൂരം അറിഞ്ഞാല്‍ മാത്രം മതിയായിരുന്നു........

ആഴ്ച തോറുമുള്ള കൊച്ചി - കൊല്ലം യാത്രകള്‍ തന്ന ഏറ്റവും വലിയ ഭാഗ്യം വായനയ്ക്കായുള്ള സമയവും എഴുതാനുള്ള അന്തരീക്ഷവുമായിരുന്നു. എഴുതുക എന്നത്‌ എന്റെ എഴുത്താണ്‌ , അതിന്റെ നിലവാരം അല്ല അതെനിക്കു തരുന്ന ആനന്ദമാണ്‌ എനിക്ക്‌ വലുതായി തോന്നിയിരുന്നത്‌. എഴുതിയിരുന്നതില്‍ കുറച്ചെങ്കിലും പുറം ലോകം കാണിച്ചിരുന്നത്‌ 'മലയാള വേദി' വഴിയായിരുന്നു.അഭിനന്ദനത്തേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ എന്റെനിലവാരം എനിക്കു മനസിലാക്കി തന്നു :) . കൃത്യം മൂന്നു വര്‍ഷം ആകുന്നു മലയാള വേദിയുമായും വായനകളുമായും ട്രെയിന്‍ യാത്രകളുമായുമുള്ള ബന്ധം മുറിഞ്ഞിട്ട്‌, അതെനിക്കുണ്ടാക്കിയ നഷ്ടം അളക്കാന്‍ കഴിയുന്നതല്ല,പക്ഷേ ഈ മൂന്നു വര്‍ഷങ്ങള്‍ എനിക്കു തന്ന സൗഭാഗ്യങ്ങളും മറക്കാനാവുന്നതല്ല.

മടിയും ഒരു കാരണമായിരുന്നു എന്നതാണ്‌ ഒരു സത്യം, എപ്പൊഴോ ഞാന്‍ നല്ലൊരു മടിയനായി മാറിക്കഴിഞ്ഞിരുന്നു, അതില്‍ നിന്നൊരു പുറത്തുവരവ്‌ പുസ്തകങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന സത്യം വീണ്ടും വായനയിലേയ്ക്ക്‌ മടങ്ങി പോകുവാന്‍ എന്നെ സഹായിച്ചു. വായന വീണ്ടും എന്തെങ്കിലും കുത്തിക്കുറിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ ബ്ലോഗ്ഗിംഗ്‌ തന്നെയാണ്‌. (നിങ്ങളുടെ ഭാഗ്യക്കേടിന്‌)


മലയാള വേദിയില്‍ നിന്ന്‌ കിട്ടിയ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ഉണ്ണിയായിരുന്നു. പെരിങ്ങോടന്‍ എന്ന പേരില്‍ അന്നു തന്നെ ഉണ്ണി ബ്ലോഗ്ഗെഴുതുന്നുണ്ടായിരുന്നു. പലവട്ടം ഉണ്ണി ബ്ലോഗെഴുത്തിലേയ്ക്ക്‌ വരാന്‍ പ്രേരിപ്പിച്ചപ്പോഴും പലപ്പോഴും അതില്‍ നിന്നെല്ലാം തിരക്കും അതിനൊപ്പം തന്നെ മടിയും എന്നെ പിന്തിരിപ്പിച്ചു.

മലയാള വേദിയില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന ചില കഥകളിലൂടെ[അങ്ങനെ വിളിക്കാമോ എന്ന്‌ എനിക്കറിയില്ല:)] തുടങ്ങാന്‍ ശ്രമിക്കുവാണ്‌. വായിക്കാന്‍ ശ്രമിക്കുക, സഹനീയമാണോ അസഹനീയമാണോ എന്നത്‌ നിങ്ങള്‍ തീരുമാനിക്കുക. :)

1 comment:

Unknown said...

Mashe,
Those were touching...it just took me to my childhood days,made
me remember my gratma and grandpa,i recalled them in a pain of love.

iniyum ezhuthanam...Nashtappetta a nall nalukal
e varikaliludeyenkilum namme thediyethum.
pratheekshayode,

-vineesh