Wednesday, November 09, 2016

ധനുഷ്കോടി

1. ഒന്ന്
മാറ്റി വച്ച ഇഷ്ടങ്ങളോരോന്നും തിരിച്ചെടുക്കണമെന്നും ചുമ്മാ ജീവിച്ചുതീര്‍ത്ത ഇത്രയും വര്‍ഷങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യണമെന്നും ആഗ്രഹം വരാന്‍ ഫുട്ബോള്‍ കളിക്കിടെ കാല്മുട്ടിനെറ്റ ഒരു പരിക്ക് നിമിത്തമായി..
മാറ്റി വയ്ക്കപ്പെട്ടതും തിരിഞ്ഞു നടന്നതുമായ യാത്രകള്‍ അതിലൊന്നായിരുന്നു.
സൗന്ദര്യം പേരിലും പ്രകൃതിയിലും സ്വന്തമായ ധനുഷ്കോടി ആദ്യ ലക്ഷ്യങ്ങ്ങ്ങളിലോന്നാകാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു.
തിരുവനന്തപുരത്ത് നിന്നും വീക്കെന്റില്‍ എത്തിപ്പെടാനാവുന്ന പ്രദേശം, ബൈക്കിനെ അധികം നോവിക്കാത്ത റോഡുകള്‍. പാമ്പന്‍ പാലം, രാമേശ്വരം, അവിടുത്തെ ഭോജനാലയങ്ങൾ.
പല കാരണങ്ങള്‍ കൊണ്ട് സുഹൃത്തുകളില്‍ പലരും ഒഴിവായപ്പോള്‍ ബാക്കിയായത് രണ്ട് തണ്ടര്‍ബേഡ് ബൈക്കുകളും മൂന്നുപേരും.
വെള്ളിയാഴ്ച ഓഫീസ് സമയം കഴിഞ്ഞ് 6.30 നു കഴക്കൂട്ടത്ത് നിന്ന്‍ യാത്രയ്ക്ക് തുടക്കം. തിരക്കൊഴിയാന്‍ പിടിച്ച കോവളം ബൈപാസ് റോഡ്‌ വാഹനങ്ങളുടെ തിരക്കും അധിക ദൂരവും കൊണ്ട് വല്ലാതെ വലച്ചു. കൊല്ലങ്കോട്‌ വഴി കളിയിക്കാവിള എത്തുമ്പോഴേക്കും ഇരുപതോളം കിലോമീറ്ററും ഒരു മണിക്കൂറും ബൈപാസ് കൊണ്ടു പോയി.
മാര്‍ത്താണ്ടത്തു നിന്നും ഭക്ഷണം കഴിച്ച് യാത്ര തുടരുമ്പോള്‍ സമയം 9:30. വണ്ടിയ്ക്ക് വേഗം കൂടി, നാഗര്‍കോവില്‍ ടൌണിനരികെ ഒരു ക്ഷേത്രത്തില്‍ കനലാട്ടം കത്തിക്കയറി വരുന്നു. കാഴ്ചക്കാര്‍ നിരവധി. കനലാട്ടം പാതിരാവിലാണന്ന്‍ നല്ലവണ്ണം മണക്കുന്ന ഒരു പോലീസ് സിങ്കം.

യാത്ര തുടര്‍ന്നു. തിരുനെല്‍വേലിയില്‍ ബുക്ക് ചെയ്തിരുന്ന റൂം തുറന്ന്‍ അകത്തു കയറുമ്പോള്‍ സമയം രാത്രി 11. ശനിയാഴ്ച വൈകുന്നേരം ധനുഷ്കോടിയിലെ സന്ധ്യയ്ക്ക് എന്ന ആഗ്രഹം രാവിലെ 7 നു മൂന്ന് പേരെയും കുളിച്ച് കുട്ടപ്പന്മാരാക്കി ഹോട്ടലിനോട് ചേര്‍ന്നുള്ള restaurant ലെത്തിച്ചു.
ഗൂഗിള്‍ മാപ്പ് നോക്കാതെ വഴിയില്‍ കണ്ട ചേട്ടനോട് തൂത്തുക്കുടി വഴി തിരക്കി കണ്ട ഹൈവേ വഴി യാത്ര തുടര്‍ന്ന ഞങ്ങള്‍ അധികം താമസിക്കാതെ വഴി തെറ്റി കോവില്‍ പെട്ടിയിലെത്തി. തെറ്റ് തിരുത്താന്‍ സമയമുണ്ടായിരുന്നതിനാല്‍ അവിടെ നിന്ന്‍ ഗൂഗിള്‍ ദൈവങ്ങളെ തൊഴുത് വെമ്പാര്‍ ലക്‌ഷ്യം വച്ച് ഓട്ടം തുടങ്ങി.
നല്ല വഴികളിലൂടെ യാത്ര. ആടുകള്‍ കൂട്ടമായി റോഡ്‌ ക്രോസ് ചെയ്തു കൊണ്ടെ ഇരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന അവസ്ഥ. തരിശായ പ്രദേശങ്ങളിലൂടെ, ഇടതിങ്ങി കൃഷി ചെയ്യുന്ന മണ്ണിനു നടുവിലൂടെ, റോഡ്‌ കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്നു. ഇടത് വശം സൂര്യകാന്തിപ്പാടങ്ങളും വലത് പരുത്തിയും കണ്ടപ്പോള്‍ ഒരല്പ നേരം വിശ്രമം വേണമെന്നൊരു തോന്നല്‍ എല്ലാവര്ക്കും ഒരുമിച്ച് വരുന്നു.

യാത്ര തുടര്‍ന്നു. നല്ല റോഡുകളുടെ അവസാനം. നാലഞ്ച് കിലോമീറ്ററുകള്‍ റോഡു തന്നെ ഇല്ലാത്ത അവസ്ഥ. വേഗത നന്നേകുറഞ്ഞപ്പോള്‍ തമിഴ്നാടിന്‍റെ ചൂട് നന്നായി അറിയാന്‍ തുടങ്ങുന്നു. ഇരു ചക്രമുതലാളിമാര്‍ സ്വന്തം വഴികള്‍ പണിഞ്ഞിരിക്കുന്നു, ആശ്വാസം. കിലോമീറ്ററുകളോളം ഇവിടെ ഒരു റോഡുണ്ടായിരുന്നു എന്ന്‍ തോന്നിപ്പിക്കാതിരിക്കാന്‍ തമിഴ്നാട് പീ ഡബ്ലു ഡി ( ആരിക്കും ) കിണഞ്ഞു പരിശ്രമിചിരിക്കുന്നു. ദൂരെ ഭേദപ്പെട്ട റോഡ്‌ കണ്ടു തുടങ്ങി. വാരി കൂട്ടിയ പൊടി തട്ടി കളഞ്ഞ് ടാര്‍ കണ്ട ആര്‍ത്തിയോടെ മണ്ണിലുമ്മ വച്ച് തണ്ടര്‍ ബേഡ്സ് പോരാട്ടം റീസ്റ്റാര്‍ട്ട് ചെയ്തു.
രാമേശ്വരം തൊടുന്നു എന്ന്‍ പറന്നു വന്ന കാറ്റ്. പാമ്പന്‍ പാലത്തിലെയ്ക്കടുക്കുന്നതിന്റെ നിര്‍ദേശങ്ങള്‍ കണ്ടു തുടങ്ങി. നിര്‍മാണത്തിലെ സൗന്ദര്യവും എഞ്ചിനീയറിംഗ് മികവിനെക്കാളും അത്ഭുതപ്പെടുത്തും പ്രകൃതിയുടെ മാജിക്ക് . പാലത്തിന്റെ ഒത്ത നടുക്ക് നിന്നും കുറെ നേരം കടലിലേയ്ക്ക് നോക്കി നിന്നു, അടിത്തട്ട് കാണാനാവും വിധം തെളിഞ്ഞ വെള്ളം, ഭംഗിയായി നിരത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍, കടലിലേയ്ക്ക് തൊട്ടു നില്‍കുന്ന മണ്ണ്‍, തെങ്ങുകള്‍. കാണാം കടലും മീനും ജീവിതവുമായി കുറെയധികം ജീവിതങ്ങള്‍.

വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നു. ഉച്ചയ്ക്ക് ക്ഷേത്രത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ രണ്ട് മണിയോടെ ചെക്കിന്‍, മൂന്നോടെ അവസാനക്കാരായി ഹോട്ടല്‍ ശരവണയില്‍ ഒന്നാംതരം തമിഴ്‌നാടന്‍ ഊണ്.
ധനുഷ്കൊടിയിലെയ്ക്ക് 23 കിലോമീറ്റര്‍. ഏകദേശം 18 കിലോമീറ്ററോളം ബൈക്കില്‍ തന്നെപോകാമെന്ന് അറിഞ്ഞിരുന്നു. പിന്നെ 5 കിലോമീറ്ററോളം ടെമ്പോ വാനില്‍. നാല് മണിയ്ക്ക് മുമ്പേ എത്തുവാന്‍ പറ്റിയാലേ കാഴ്ചകള്‍ മുഴുവന്‍ കണ്ടു തീര്‍ക്കാനാവൂ എന്നാ വെപ്രാളത്തോടെ ബൈക്കുകള്‍ ഇരു വശത്തുമുള്ള കടല്‍കാറ്റിന്‍റെ മൂളിപാട്ട് കേട്ട് ധനുഷ്കോടിയിലെയ്ക്ക്.
18 കിലോമീറ്റര്‍ ചെല്ലുമ്പോള്‍ തന്നെ നാലുമണികഴിഞ്ഞിരുന്നു. ടെമ്പോ വാനുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗം കഴിഞ്ഞ് മുന്നിലേയ്ക്ക് ചെന്നപ്പോള്‍ കയര്‍ കെട്ടി ബ്ലോക്ക് ചെയ്തിരിക്കുന്ന ഒരു റോഡ്‌ കാണാനായി. കയറിനപ്പുറം ബീച്ച് കാണാം, കുറച്ച് പോലീസുകാരും. ധാരാളം കാല്‍നടയാത്രക്കാരും ഒപ്പം കുറച്ചു ബൈക്കുകളും ആ റോഡില്‍.
കയറു കെട്ടിയതിന്‍റെ ഒരു വശത്തു കൂടി ഒരു ബൈക്കിനു പോകാനുള്ള സ്ഥലം കാണുന്നുണ്ട്. ചോദ്യം മനസിലായിട്ടെന്ന വണ്ണം പോലീസ് പറയുന്നു. 'ഉള്ളെ പോവാം' ( അത് പോലെ എന്തോ :) ). ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ട് പാര്‍ക്ക് ചെയ്യാനൊരു സ്ഥലം നോക്കിയാണ് ഞങ്ങള്‍ ഉള്ളില്‍ കയറിയതെങ്കിലും ഒരു കടക്കാരന്‍ ചേട്ടനുമായുള്ള സെകന്റുകള്‍ മാത്രം നീണ്ടു നിന്ന ഒരു സംഭാഷണം ഈ യാത്രയെ തന്നെ മാറ്റി മറിച്ചു.
വേഗം തന്നെ ഒരു ടെമ്പോ വാനില്‍ കയറിപ്പറ്റണമെന്ന ചിന്തയില്‍ ബൈക്ക് പാര്‍ക്ക് ചെയുന്ന തിരക്കിനിടയിലാണ് തന്റെ പെട്ടിക്കടയ്ക്ക് മുന്നില്‍ ബൈക്ക് വയ്ക്കരുതെന്ന് ഒരാള്‍ ആവശ്യപ്പെടുന്നത്. കൂടെ പുള്ളി പറയുന്നു, എന്തിനാ വെറുതെ കാശു കളയുന്നത്. ഇത് ധനുഷ്കോടിയിലെയ്ക്കുള്ള പുതിയ റോഡാണ്. പണി കഴിഞ്ഞ് മിനിസ്റ്ററിനെ വെയിറ്റ് ചെയ്യുവാണ് ഓപ്പണാക്കാന്‍. സന്തോഷം ഞങ്ങളെ ആകാശത്തെത്തിച്ചു. വണ്ടി തിരിച്ച് നേരെ പുതുമണം വിടാത്ത ടാര്‍ റോഡിലൂടെ അലറിവിളിച്ചു പാഞ്ഞു.
ഇരു വശത്തും കടലുകള്‍, തൂവെള്ള മണ്ണ്, നീലാകാശം. മനോഹരം എന്ന വാക്കിനും അപ്പുറം മനോഹരം. കൊതി സഹിക്കാനാവാതെ ഇടയ്ക്ക് വണ്ടി നിര്‍ത്തി. ആരുമില്ലാത്ത, കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ബീച്ചിലൂടെ ഓടി നടന്നു.
കുറച്ചകലെ കടലിലൂടെ, മണല്തിട്ടയില്ലൂടെ ആള്‍ക്കാരെ കൊണ്ട് പോകുന്ന ടെമ്പോ വാനുകള്‍ ഇളകിയാടി പോകുന്ന കാഴ്ച. പണ്ടു തകര്‍ന്നു പോയ പള്ളിയും ക്ഷേത്രവും സ്കൂളും പോസ്റ്റ്‌ ഒഫീസുമൊക്കെ സൈന്‍ ബോര്‍ഡുകളില്‍ തെളിയുന്നു. അവയോരോന്നും വശങ്ങളില്‍ കാണാനാവുന്നു.


ചില മുക്കുവ കുടുംബങ്ങള്‍ ഇപ്പോഴും ധനുഷ്കോടിയിലുണ്ടെന്ന്‍ വായിച്ചിരുന്നു. കുടിലുകള്‍ കാണാം വശങ്ങളില്‍.

ഞങ്ങള്‍ കടലിന്‍റെ സംഗമം ലക്ഷ്യമാക്കി വീണ്ടും യാത്ര തുടര്‍ന്നു.
ടാര്‍ റോഡ്‌ അവസാനിച്ചു. കുറച്ചു മുന്നിലേയ്ക്ക് റോഡു പണിയ്കായിരിക്കണം മണ്ണിട്ടിരിക്കുന്നു. അങ്ങ് ദൂരെ ആ മണ്‍പാതയുടെ അറ്റത്ത് ജെ സീ ബി കള്‍ പണിയെടുക്കുന്നത് കാണാം. അങ്ങേയറ്റം വരെ റോഡ്‌ വരുന്നുണ്ടാവാം.

ബൈക്ക് മണ്‍റോഡ്‌ തീര്‍ന്നിടത്ത് ഒതുക്കി ഞങ്ങള്‍ നടന്നു തുടങ്ങി. അടുത്താണെന്ന് തോന്നിയിരുന്നെങ്കിലും ഒരു പാട് ദൂരെയാണ് മുനമ്പ്‌. സംഗമ സ്ഥലത്ത് ഇരുട്ടും മുന്പ് എത്തുവാന്‍ പറ്റുമോ എന്ന തോന്നല്‍ ശക്തമായി. റോഡ്‌ പണിക്കാരെയും കടന്ന് വേഗം നടന്നു. ചില ചെറിയ കൂട്ടങ്ങള്‍, ഞങ്ങളെക്കാളും മുന്നേ അവിറെത്തിയവര്‍ തിരിച്ചു വരുന്നുണ്ട്. നേരം ഇരുട്ടി തുടങ്ങുന്നു. 2 കിലോമീറ്ററോളം ഇത് വരെ നടന്നിട്ടുണ്ടാവും, മറൈന്‍ പോലീസ് അവരുടെ വണ്ടിയില്‍ വന്ന് തിരികെ പോകാന്‍ ആവശ്യപെടുന്നു. അവര്‍ പോയതിനു ശേഷവും കുറച്ചു ദൂരം കൂടി കവര്‍ ചെയ്തു, ഇനി ഒരു വരവ് ഉടനെ പറ്റുമോ എന്നറിയില്ല. സംഗമം കാണാം അതാ അടുത്ത്.
    

മുനമ്പിലെ കാഴ്ച പറഞ്ഞറിയിക്കാനാവാത്ത വണ്ണം സുന്ദരമാണ്. നമ്മളും കടലും മാത്രം. നമുക്ക് കൂട്ടിനു മണ്ണും. എത്ര കണ്ടിട്ടും മതിയാവാത്ത കടല്‍. സൂര്യന്‍ ഇറങ്ങി പോകുന്നു കടലിനടിയിലെയ്ക്ക്. തിരയുടെ സംഗീതത്തോടെ കടലതിനെ പുണരുന്നു. ആകാശത്ത് അമ്പിളിയമ്മാവന്‍ മൊട്ട് വിടര്‍ത്തി തുടങ്ങിയിരിക്കുന്നു.
ഇതിലും കൂടുതല്‍ ജീവിതത്തില്‍ സന്തോഷം എന്നെ കീഴ്പ്പെടുതിയിട്ടുണ്ടോ എന്ന്‍ സംശയം.